അടല്‍ തുരങ്കം: ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിയ്ക്കും

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ തുരങ്കം ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിയ്ക്കും. മണാലിയെയും ലഹൗല്‍ താഴ്വരയെയും ബന്ധിപ്പിക്കുന്ന ടണലിന്റെ നീളം 9.02 കിലോ മീറ്റര്‍ കിലോമീറ്ററാണ്.

ഉദ്ഘാടനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മ്മിച്ച രാജ്യത്തിന്റെ അഭിമാനപദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നേരിട്ട് എത്തി നിര്‍വഹിക്കും. ഏഴു മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടന പരിപാടിയാണിത്.

കനത്ത മഞ്ഞ് വീഴ്ച കാരണം വര്‍ഷത്തില്‍ ആറ് മാസം ലഹൗല്‍ താഴ്വരയിലേയ്ക്ക് യാത്ര സാധ്യമല്ല. തുരങ്കം യാഥാര്‍ത്ഥ്യമായതോടെ ഈ വെല്ലുവിളിയും ഇല്ലാതാകും. ലേ -മണാലി റോഡിന്റെ ദൂരം 46 കിലോമീറ്റര്‍ കുറയും എന്നതാണ് തുരങ്കത്തിന്റെ പ്രധാന മേന്മ. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. തുരങ്കപാതയുടെ നിര്‍മാണ ചുമതല ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ മലയാളി ചീഫ് എന്‍ഞ്ചിനിയര്‍ കെ.പി പുരുഷോത്തമനായിരുന്നു.

2002 മെയ് 26ന് ദക്ഷിണ പോര്‍ട്ടലിലേക്കുള്ള അപ്രോച്ച് റോഡിന്റെ ശിലാസ്ഥാപനം നടത്തിയത് അടല്‍ ബിഹാരി വാജ് പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്തായിരുന്നു. പിന്നീട് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തുരങ്കത്തിന്റെ പേര് അടല്‍ ടണല്‍ എന്നാക്കി. ഇരു കവാടങ്ങളിലും സുരക്ഷാ പരിശോധന സംവിധാനങ്ങള്‍. എല്ലാ 150 മീറ്ററിലും ടെലിഫോണ്‍ സംവിധാനം. എല്ലാ 60 മീറ്ററിലും അഗ്‌നിശമന ഉപകരണം ഒരോ 250 മീറ്ററിലും സിസിടിവി ക്യാമറകള്‍ , ഓരോ കിലോമീറ്ററിലും വായു ഗുണനിലവാര പരിശോധന. ഓരോ 25 മീറ്ററിലും ഇവാകുവേഷന്‍ ലൈറ്റിംഗ്/എക്‌സിറ്റ് ചിഹ്നങ്ങള്‍. എല്ലാ 50 മീറ്ററിലും അഗ്‌നിബാധയേല്‍ക്കാത്ത ഡാമ്പറുകള്‍ ഇങ്ങനെ നീളുന്നതാണ് അടല്‍ ടണലിന്റെ പ്രത്യേകതകള്‍.

Top