ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ 450 വിപണിയില്‍ നിന്ന് പിന്‍വലിച്ച് ഏഥര്‍

2020 നവംബര്‍ 28 മുതല്‍ ബെംഗളൂരുവിലും ചെന്നൈയിലും തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ 450 വിപണിയില്‍ കാണില്ലെന്ന് ഏഥര്‍ എനര്‍ജി. 2018-ല്‍ അവതരിപ്പിച്ച ഏഥര്‍ 450ന്റെ ഏറ്റവും പുതിയ മോഡലായ 450x, 450പ്ലസ് മോഡലുകളുടെ ആവശ്യം വര്‍ധിച്ചതാണ് ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍ത്തുന്നതിന്റെ കാരണമായി കമ്പനി പറയുന്നത്. ഇപ്പോള്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ബാന്‍ഡ് വ്യക്തമാക്കി.

ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, പൂനെ, ഡല്‍ഹി, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂര്‍, കൊല്‍ക്കത്ത തുടങ്ങിയ പുതിയ വിപണികളിലേക്ക് 450X, 450പ്ലസ് മോഡലുകള്‍ എത്തിക്കാനുള്ള പദ്ധതികളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയായ ഏഥറിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450.

ഏഥര്‍ 450ല്‍ ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമാണ് പുതിയ 450X, 450 പ്ലസ് ഇലക്ട്രിക് പതിപ്പുകളിലുമെങ്കിലും മെച്ചപ്പെട്ട ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ ശേഷികള്‍ ഇവയ്ക്കുണ്ട്. ഏഥറിന്റെ സീരീസ് 1 മോഡലിന്റെ ഡെലിവറികള്‍ ഇതിനകം കുറച്ച് വിപണികളില്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ രാജ്യത്തുടനീളം ഇത് ലഭ്യമാകും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏഥര്‍ 450-ക്ക് OTA അപ്‌ഡേറ്റുകളാണ് ലഭിച്ചത്. പരിഷ്‌ക്കരണങ്ങള്‍ വഴി സ്‌കൂട്ടറില്‍ ഇക്കോ മോഡ്, ഡാര്‍ക്ക് തീം, ഗൈഡ്-മി-ഹോം ലൈറ്റുകള്‍ തുടങ്ങി മറ്റ് നിരവധി സവിശേഷതകളും അവതരിപ്പിച്ചിരുന്നു.

വാഹനത്തിന്റെ നിര്‍മാണം അവസാനിപ്പിച്ചുവെങ്കിലും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വരും വര്‍ഷങ്ങളില്‍ OTA അപ്ഡേറ്റുകള്‍ തുടര്‍ന്നും ലഭിക്കുമെന്ന് ഏഥര്‍ സ്ഥിരീകരിച്ചു. അടുത്ത അപ്ഡേറ്റ് ഉടന്‍ അവതരിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് മോഷണം തടയല്‍, ടോ ഡിറ്റക്ഷന്‍ തുടങ്ങീ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുമെന്നുമാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. വില്‍പ്പന ശൃംഖല വര്‍ധിപ്പിക്കുന്നതിനോടൊപ്പം ഈ വര്‍ഷാവസാനത്തോടെ ഇന്ത്യയിലെ 11 നഗരങ്ങളില്‍ 135 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ (ഏഥര്‍ ഗ്രിഡ്) സ്ഥാപിക്കുമെന്നും ബ്രാന്‍ഡ് സ്ഥിരീകരിച്ചു.

Top