Ather Energy launches smart electric scooter S340

ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട് അപ് കമ്പനിയായ ആതര്‍ എനര്‍ജി വൈദ്യുത സ്‌കൂട്ടറായ എസ് 340 അവതരിപ്പിച്ചു. വര്‍ഷാവസാനത്തോടെ, ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമാവും എസ് 340 വില്‍പ്പനക്കെത്തുക. ഓണ്‍ലൈന്‍ വഴി വില്‍പ്പനയും വീടുകളിലെത്തി വില്‍പ്പനാനന്തര സേവനവും നടത്തുന്ന ആദ്യ മോഡലായി എസ് 340 മാറുമെന്നാണ് ആതര്‍ എനര്‍ജിയുടെ അവകാശവാദം.

വില സംബന്ധിച്ചു കൃത്യമായ വിവരമില്ലെങ്കിലും ഒരു ലക്ഷം രൂപയില്‍ താഴെയാവുമെന്നാണു സൂചന. കൂടാതെ മോട്ടോര്‍ ബൈക്കുകളും ബാറ്ററിയില്‍ ഓടുന്ന കാറുമൊക്കെ വികസിപ്പിക്കാനുള്ള സാധ്യതയും ആതര്‍ എനര്‍ജി പരിശോധിക്കുന്നുണ്ട്.

പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച സ്‌കൂട്ടര്‍ എന്ന പെരുമയോടെയാവും എസ് 340 എത്തുകയെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും സഹ സ്ഥാപകനുമായ തരുണ്‍ മേഹ്ത അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍, സ്വകാര്യ സംരംഭങ്ങളുടെ സഹകരണത്തോടെ സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള വിപുല സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ആതര്‍ എനര്‍ജി ലക്ഷ്യമിടുന്നുണ്ട്.

ഫ്‌ളിപ്കാര്‍ട്ട് സ്ഥാപനകരുടെ പിന്തുണയോടെ, ഐ ഐ ടിയില്‍ പഠിച്ചിറങ്ങിയവര്‍ സ്ഥാപിച്ച ആതര്‍ എന്‍ജി ബെംഗളൂരുവിലാണു സ്‌കൂട്ടര്‍ ഉല്‍പ്പാദിപ്പിക്കുക. ഫണ്ട് സമാഹരണഘട്ടത്തില്‍ ടൈഗര്‍ ഗ്ലോബല്‍ പോലുള്ള കമ്പനികളില്‍ നിന്നു ലഭിച്ച 81 കോടിയോളം രൂപയില്‍ 25 കോടി രൂപയാണ് എസ് 340 ഉല്‍പ്പാദനത്തിനായി നീക്കിവയ്ക്കുകയെന്നു മേഹ്ത വെളിപ്പെടുത്തി.

Top