കോട്ടയം: സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി പൊലീസ്. നാൽപതംഗ പൊലീസ് സംഘം നാല് ദിവസമായി അന്വേഷണം നടത്തിയിട്ടും പ്രതിയായ അരുൺ വിദ്യാധരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.
തമിഴ്നാട് കേന്ദ്രീകരിച്ചാണ് ഇപ്പോഴും അന്വേഷണം നടക്കുന്നത്. ആതിരയ്ക്കെതിരെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അരുൺ അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെ തന്നെ പൊലീസ് അരുണിനായി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും അപ്പോഴേക്കും അരുൺ ഒളിവിൽ പോയി. തിങ്കളാഴ്ച ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അരുണിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതോടെയാണ് പൊലീസ് അന്വേഷണം പ്രതിസന്ധിയിലായത്.
അരുണിന്റെ സൈബർ അധിക്ഷേപത്തെ തുടർന്ന് കോതനല്ലൂർ സ്വദേശിനി ആതിര തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്. മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസിന്‍റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയർമാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി, ദേശീയ ശ്രദ്ധ നേടിയ ആളാണ് ആശിഷ്. ഭാര്യ സഹോദരിയുടെ ആത്മഹത്യയിൽ വൈകാരിക കുറിപ്പ് ഇന്നലെ ആശിഷ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. സൈബർ ബുളളിയിങ്ങിലൂടെയുളള കൊലപാതകമാണ് തന്‍റെ സഹോദരിയുടേത് എന്നാണ് ആശിഷ് കുറിച്ചത്.
ആതിരയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരൻ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വൻ സൈബർ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പൊലീസിൽ ആതിര പരാതി നൽകിയിരുന്നു. പിന്നാലെയാണ് ആതിരയുടെ ആത്മഹത്യ. വിനോദുമായുള്ള സൗഹൃദം ആതിര ഏറെ നാൾ മുമ്പ് ഉപേക്ഷിച്ചതാണ്. ആതിരയ്ക്ക് വിവാഹ ആലോചനകൾ നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ആതിരയുടെ ചിത്രങ്ങളും മറ്റും അരുൺ വിദ്യാധരൻ ഫേസ്ബുക്ക് വാളിൽ നിരന്തരമായി പങ്കുവെച്ചിരുന്നു.