അതിരപ്പിള്ളി: വിനോദസഞ്ചാരമേഖലയില്‍ വെള്ളച്ചാട്ടത്തിനു സമീപം സ്വകാര്യ റിസോര്‍ട്ടിലെ ഉപയോഗിക്കാത്ത കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ അഞ്ചര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചു. ഏകദേശം ആറു വയസ്സുള്ള പിടിയാനയാണിത്.
ഞായറാഴ്ച രാത്രിയിലാണ് ആനക്കുട്ടി കിണറ്റില്‍ വീണത്. ഇന്നു പുലര്‍ച്ചെ ഒരു മണിയ്ക്കാണു രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത്. ആനക്കുട്ടിക്കു പരുക്കേറ്റിട്ടില്ല. 40 അടിയോളം താഴ്ചയുള്ള കിണറ്റില്‍ രണ്ട് അടിയോളം വെള്ളമുണ്ടായിരുന്നു. കിണര്‍ കോണ്‍ക്രീറ്റ് സ്ലാബിട്ട് മൂടിയതായിരുന്നു. ഇതിനു മുകളില്‍ ആനക്കുട്ടി കയറിയപ്പോള്‍ കിണറിന്റെ ഒരു വശം ഇടിഞ്ഞ് സ്ലാബോടുകൂടി കിണറ്റില്‍ വീഴുകയായിരുന്നു.
മണ്ണുമാന്തി ഉപയോഗിച്ച് കിണറിന് സമാന്തരമായി ചാല്‍ ഉണ്ടാക്കിയാണ് ആനക്കുട്ടിയെ രക്ഷിച്ചത്. പുറത്തെത്തിയതും ആനക്കുട്ടി കാട്ടിലേക്ക് ഓടിപ്പോയി. ആനക്കൂട്ടം പതിവായി ഇറങ്ങുന്ന മേഖലയാണിത്. ചാലക്കുടിപ്പുഴയുടെ മറുകരയില്‍നിന്ന് വെള്ളം കുടിക്കാന്‍ എത്തിയ ആനക്കൂട്ടം പുഴ കടന്ന് കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ ഈ വഴി വന്ന റിസോര്‍ട്ട് ജീവനക്കാരന്‍ കിണറിന്റെ സ്ലാബ് കാണാത്തതിനാല്‍ നോക്കിയപ്പോഴാണ് ആനക്കുട്ടി കിണറ്റില്‍ വീണ കാര്യം അറിഞ്ഞത്. ഉടനെ വനപാലകരെ വിവരമറിയിക്കുകയും അതിരപ്പിള്ളി റേഞ്ചര്‍ മുഹമ്മദ് റാഫിയും സംഘവും വേഗത്തിലെത്തുകയും ചെയ്തു.