Athirappilly project; Kadakampilly Surendran’s statement

തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സമവായം ഉണ്ടാക്കിയ ശേഷം മാത്രമെ വന്‍കിട പദ്ധതികളുമായി മുന്നോട്ട് പോവുകയുള്ളൂവെന്നും അദ്ദേഹം പ്രസ് ക്‌ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ വ്യക്തമാക്കി.

ആതിരിപ്പിള്ളി പദ്ധതി ജനങ്ങള്‍ക്ക് വേണമെങ്കില്‍ മാത്രമെ പദ്ധതി നടപ്പാക്കുകയുള്ളൂ. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.

വൈദ്യുതിയുടെ ഉപയോഗത്തിന് അനുസരിച്ച് ഉല്‍പാദനം കേരളത്തില്‍ ഇല്ല. അതിനാലാണ് വന്‍കിട വൈദ്യുത പദ്ധതികളെ ആശ്രയിക്കേണ്ടി വരുന്നത്. മുടങ്ങിക്കിടക്കുന്ന വൈദ്യുതി പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍,ഏത് പദ്ധതി നടപ്പാക്കുന്നതിന് മുന്പും സര്‍ക്കാര്‍ സമവായം ഉണ്ടാക്കും. ഈ വര്‍ഷം സോളാര്‍ പദ്ധതിയിലൂടെ 50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും ഒഴിവാക്കാനാണ് ശ്രമം. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിക്കും. വൈദ്യുതി മേഖലയിലെ സേവനങ്ങള്‍ ഓണ്‍ലൈനാക്കുമെന്നും മന്ത്രി അറിയിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലും സര്‍ക്കാരിന് കടുംപിടുത്തമില്ല. ഇക്കാര്യത്തില്‍ ആചാരഅനുഷ്ഠാനങ്ങള്‍ അറിയാവുന്നവര്‍ പറയുന്നതാണ് നല്ലത്. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ കോടതി തന്നെ തീരുമാനമെടുക്കണം. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.

Top