കോട്ടയം: മികവില്ലെന്നതിന്റെ പേരില്‍ ടീമില്‍ നിന്നു തഴയപ്പെട്ട സ്റ്റീപ്പിള്‍ചേസ് താരം സുധ സിങ്ങും ലോക ചാംപ്യന്‍ഷിപ്പിന്.
ഇന്ത്യന്‍ ടീമില്‍ നിന്നു സിലക്ഷന്‍ കമ്മിറ്റി പരിഗണിക്കാതിരുന്ന സുധയെ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രത്യേക സമ്മര്‍ദം ചെലുത്തി ടീമിലുള്‍പ്പെടുത്തുകയായിരുന്നു. സുധയുടെ പേരുമാത്രം ഉള്‍പ്പെടുത്തി രണ്ടാമതൊരു എന്‍ട്രികൂടി സമര്‍പ്പിച്ച ഫെഡറേഷന്‍ പക്ഷേ, മലയാളിതാരം പി.യു. ചിത്രയെ അവിടെയും തഴഞ്ഞു.
ലോക ചാപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ പേരുകള്‍ ഇന്നലെ രാത്രി രാജ്യാന്തര ഫെഡറേഷന്‍ പുറത്തുവിട്ടതോടെയാണ് ഫെഡറേഷന്റെ കള്ളക്കളി വെളിച്ചത്തായത്.
ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ എന്‍ട്രി ഈ മാസം 24ന് അയച്ചുവെന്നും വൈകി അയയ്ക്കുന്ന എന്‍ട്രികള്‍ രാജ്യാന്തര ഫെഡറേഷന്‍ സ്വീകരിക്കില്ലെന്നുമായിരുന്നു ഇതുവരെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്. ചിത്രയെ ടീമിലുള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധി അനുസരിക്കാന്‍ മടിച്ചതും ഈ വാദം ഉന്നയിച്ചാണ്.
രാജ്യാന്തര ഫെഡറേഷന്‍ പ്രസിദ്ധീകരിച്ച 26 അംഗ ഇന്ത്യന്‍ ലിസ്റ്റില്‍ ഇരുപത്തിമൂന്നാമതായി സുധാ സിങ്ങുമുണ്ട്. ചിത്രയ്‌ക്കൊപ്പം ടീമില്‍ നിന്നു തഴയപ്പെട്ട ദീര്‍ഘദൂര താരം അജയ്കുമാര്‍ സരോജിനെയും രണ്ടാമത്തെ എന്‍ട്രി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല.
ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണമാണ് എന്‍ട്രി നല്‍കിയപ്പോള്‍ സുധ സിങ്ങിന്റെ യോഗ്യതയായി ഫെഡറേഷന്‍ അവതരിപ്പിച്ചത്. ഇതേ മല്‍സരത്തില്‍ സ്വര്‍ണ ജേതാവായിരുന്നു ചിത്രയും. ലോക ചാംപ്യന്‍ഷിപ്പിനു യോഗ്യത നേടാനായില്ലെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടിയ സ്പ്രിന്റര്‍ ദ്യുതി ചന്ദിന്റെ പേരും ലിസ്റ്റിലുണ്ട്.