ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ അധികൃതരില്‍ നിന്ന് കനത്ത അവഗണന നേരിട്ടെന്ന ഒപി ജെയ്ഷയുടെ പരാതിയില്‍ വിചിത്രവാദവുമായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഓട്ടത്തിനിടെ ജെയ്ഷയോ കോച്ചോ കുടിവെള്ളം ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെടാതെ വെള്ളം കൊടുക്കുന്ന പതിവില്ലെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ വക്താവ് വിശദീകരിച്ചു.
താന്‍ ഒരിക്കലും വെള്ളം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും 42 കിലോമീറ്റര്‍ ഓടുന്ന ഒരു താരത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് അത്‌ലറ്റിക് ഫെഡറേഷന്റെ ഉത്തരവാദിത്തമാണെന്നും ജെയ്ഷ പറഞ്ഞു.
42 കിലോമീറ്റര്‍ ദൂരം നിര്‍ത്താതെ ഓടുന്ന താരം വെള്ളം ചോദിച്ചാല്‍ മാത്രമേ കൊടുക്കൂയെന്ന ഫെഡറേഷന്‍ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. വെള്ളമോ ഗ്ലൂക്കോസോ ബിസ്‌കറ്റ് അടക്കമുള്ള ലഘുഭക്ഷണമോ നല്‍കാന്‍ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ തയ്യാറായില്ലെന്ന് ഇന്നലെ ജെയ്ഷ ആരോപിച്ചിരുന്നു. തുടര്‍ന്ന് ക്ഷീണിതയായ ജെയ്ഷ 42.95 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തണിന്റെ ഫിനിഷ് ലൈനില്‍ തളര്‍ന്നു വീഴുകയായിരുന്നു. ഏഴു കുപ്പി ഡ്രിപ്പ് കയറ്റിയ ശേഷം മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് ബോധം തെളിഞ്ഞതെന്നും ജെയ്ഷ പറഞ്ഞു.
സംഭവത്തില്‍ ജെയ്ഷയുടെ വിശദീകരണം ഇങ്ങനെ: ‘എങ്ങനെയാണ് ഓടിത്തീര്‍ത്തതെന്ന് എനിക്കുതന്നെ അറിയില്ല. ആവശ്യത്തിന് വെള്ളം കിട്ടാതിരുന്നത് വലിയ പ്രശ്‌നമായി. മറ്റെല്ലാ രാജ്യക്കാരും തങ്ങളുടെ ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കാന്‍ ഗ്ലൂക്കോസ് ബിസ്‌കറ്റുകളും വെള്ളവും നല്‍കി ഓരോ റിഫ്രഷ്‌മെന്റ് പോയന്റുകളിലും കാത്തുനിന്നിരുന്നു. പക്ഷേ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. മറ്റുള്ളവര്‍ക്ക് കഴിക്കാന്‍ കൊടുക്കുമ്പോള്‍ എനിക്ക് അതു ലഭിക്കുന്നു പോലും ഇല്ലായിരുന്നു. അവരും തരുകയും ഇല്ല. തളര്‍ന്നു വീണതുകണ്ട് കോച്ച് തന്റെ അടുത്ത് വന്നു നോക്കിയപ്പോള്‍ എന്റെ ശരീരത്തില്‍ പള്‍സ് പോലും ഇല്ലായിരുന്നു. ശരിക്കും ഞാന്‍ മരിച്ചു പോയെന്നാണ് അദ്ദേഹം കരുതിയത്. അങ്ങനെ തന്നെയാണ് അദ്ദേഹം ഒളിമ്പിക്‌സ് വില്ലേജില്‍ പോയി പറഞ്ഞതും. ‘
അതേസമയം, ജെയ്ഷ ഉന്നയിച്ചത് മുഴുവന്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് ജെയ്ഷയും കോച്ചും വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നും ഫെഡറേഷന്‍ വിശദീകരിച്ചു.
ഓട്ടക്കാര്‍ക്ക് വേണ്ട വൈദ്യസഹായം ലഭ്യമാക്കുന്നതിലും സംഘാടകര്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ട്രാക്കില്‍ തളര്‍ന്നുവീണ് രണ്ട് മിനിറ്റിനുള്ളില്‍ തന്നെ വൈദ്യസംഘം എത്തുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചു.