ഗാന്ധി കുടുംബത്തിന്റെ ബന്ധുവിന്റെ ഭൂമി തട്ടിയെടുത്ത് അതീഖ്; സോണിയ ഇടപെട്ട് തിരികെ നല്‍കി

ലക്‌നൗ: ഗാന്ധി കുടുംബത്തിന്റെ ബന്ധുവായ വ്യക്തിയുടെ സ്ഥലം കയ്യേറാന്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാ നേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. അതീഖ് അഹമ്മദ് എംപിയായിരുന്ന സമയത്താണ് സംഭവം. ഈ സമയത്ത് സമാജ്വാദി പാര്‍ട്ടിയായിരുന്നു ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍. അതീഖ് അഹമ്മദ് സ്ഥലം കൈവശപ്പെടുത്തിയെങ്കിലും, അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി ഇടപെട്ടതിനെ തുടര്‍ന്ന് അത് ഉടമയ്ക്കു തന്നെ തിരികെ നല്‍കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2007ല്‍ അതീഖ് അഹമ്മദ് ഫൂല്‍പുര്‍ എംപിയായിരിക്കെയാണ് ഗാന്ധി കുടുംബത്തിന്റെ ബന്ധുവായ വീര ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ബലപ്രയോഗത്തിലൂടെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയത്. പ്രയാഗ്രാജിനു സമീപം സിവില്‍ ലൈന്‍സ് പ്രദേശത്തുള്ള ഭൂമിയിലാണ് അതീഖ് അഹമ്മദ് നോട്ടമിട്ടത്. ഗുണ്ടകളുടെ സഹായത്തോടെ അതീഖ് സ്ഥലം കൈവശപ്പെടുത്തുകയും ചെയ്തു. ഇന്ദിര ഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയുടെ കുടുംബത്തില്‍പ്പെട്ട വീര ഗാന്ധി, വിവരമറിഞ്ഞ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിച്ചു. പക്ഷേ, യാതൊരു പ്രയോജനവുമുണ്ടായില്ല.

ഇതോടെ വീര ഗാന്ധി ബന്ധുവായ സോണിയ ഗാന്ധിയുടെ സഹായം തേടി. ഈ സമയത്ത് കേന്ദ്രം ഭരിച്ചിരുന്ന യുപിഎയുടെ അധ്യക്ഷ കൂടിയായിരുന്നു സോണിയ ഗാന്ധി. വീര ഗാന്ധിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് സോണിയ ഗാന്ധി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഭൂമി ബലപ്രയോഗത്തിലൂടെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ നിന്ന് അതീഖ് അഹമ്മദ് പിന്‍വാങ്ങുകയായിരുന്നു. സ്വന്തമാക്കിയ സ്ഥലം തിരികെ നല്‍കുകയും ചെയ്തു.

പ്രശ്‌നത്തില്‍ ഇടപെടാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നതായി അന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി സ്ഥിരീകരിച്ചു. ‘അന്ന് ഞാന്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് അതീഖ് ഇടപാടില്‍നിന്ന് പിന്‍വാങ്ങി’ റീത്ത ബഹുഗുണ ജോഷി പറഞ്ഞു.

‘പാലസ് ടാക്കീസിനു പിന്നിലുള്ള സ്ഥലമെന്ന നിലയില്‍ അത് സ്വന്തമാക്കാന്‍ അതീഖ് ആഗ്രഹിച്ചിരുന്നു. ഒരു പരീക്ഷണമെന്ന നിലയിലാണ് അയാള്‍ അതിനായി ശ്രമിച്ചത്. അത് നടന്നിരുന്നെങ്കില്‍ വീര ഗാന്ധിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റു സ്ഥലങ്ങള്‍ സ്വന്തമാക്കാനും അതീഖ് ശ്രമിക്കുമായിരുന്നു’ മുന്‍ ഐജി ലാല്‍ജി ശുക്ലയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കുപ്രസിദ്ധ ഗുണ്ടാ നേതാവായ അതീഖ് അഹമ്മദ് 200409 കാലയളവിലാണ് സമാജ്വാദി പാര്‍ട്ടി എംപിയായിരുന്നത്. 1989 മുതല്‍ 2004 വരെ വിവിധ പാര്‍ട്ടികളിലായി യുപിയില്‍ എംഎല്‍എയുമായിരുന്നു. ബിഎസ്പി എംഎല്‍എ രാജുപാല്‍ 2005ലും ആ കേസിലെ മുഖ്യ സാക്ഷി ഉമേഷ് പാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 24നും കൊല്ലപ്പെട്ടതുള്‍പ്പെടെ നൂറിലേറെ കേസുകളില്‍ അതീഖ് പ്രതിയായിരുന്നു.

Top