അതീഖ് കൊലപാതകം; പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ; ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കി

ലഖ്നൗ: അതീഖ് അഹമ്മദ്, സഹോദരൻ എന്നിവരുടെ കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രയാഗ് രാജിലെ ജില്ലാ കോടതിയിലാണ് ഇവരെ ഹാജരാക്കിയത്. അതീഖിന്റെയും സഹോദരന്റെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രിമാരുടെയും നാളത്തെ പൊതുപരിപാടികൾ റദ്ദാക്കി. കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അതീഖിന്റെ കൊലപാതകത്തില്‍ ജൂഡീഷ്യൽ കമ്മീഷന് നേതൃത്വം നൽകുക മുൻ അലഹബാദ് ഹൈക്കോടതി ജഡ്ജി അരവിന്ദ് കുമാർ ത്രിപാഠി, റിട്ട ഐപിഎസ് ഉദ്യോഗസ്ഥൻ സുബേഷ് കുമാർ, മുൻ ജഡ്ജി ബ്രിജേഷ് കുമാർ സോണി എന്നിവരാണ്. രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണം

ഇന്നലെയാണ് മുൻ എംപിയും കൊലക്കേസ് പ്രതിയുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്റഫും വെടിയേറ്റ് കൊല്ലപ്പെട്ടത്. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി പൊലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം. പ്രയാഗ്‌രാജിലെ ധൂമംഗഞ്ച് പൊലീസ് സ്‌റ്റേഷനിൽ വച്ച് ഗുണ്ടാസംഘം അതീഖ് അഹമ്മദിനേയും സഹോദരൻ അഷ്‌റഫിനേയും വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്ന് പേർ വെടി വെക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പുറത്ത് നിന്ന് എത്തിയവർ വെടിവെച്ചെന്നാണ് പൊലീസ് വെളിപ്പെടുത്തൽ. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികൾ ആൾക്കൂട്ടത്തിനു ഇടയിൽ നിന്നും തലയ്ക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിവച്ചത് അതീഖിനെയായിരുന്നു. പിന്നീട് അഷ്റഫിനെയും വെടിവെച്ചു. രണ്ടുപേരും പെട്ടെന്ന് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ടാണ് അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴാണ് അക്രമികൾ വെടിയുതിർത്തത്. അതീഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയായ അതീഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005ല്‍ ബിഎസ്പി എംഎല്‍എ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാ​ഗ് രാജിലുള്ള ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്.

Top