ദുരന്തത്തിന്റെ പടുകുഴിയില്‍ വീണപ്പോള്‍ തിരിഞ്ഞ് നോക്കാത്തവരോട് ദേഷ്യമില്ല

atlas

ദുബായ്: ദുരന്തത്തിന്റെ പടുകുഴിയില്‍ വീണപ്പോള്‍ തിരിഞ്ഞ് നോക്കാത്തവരോട് ദേഷ്യമില്ലെന്ന് അറ്റ്‌ ലസ് രാമചന്ദ്രന്‍. താന്‍ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. പക്ഷേ ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നിലെ കപടത തിരിച്ചറിയാന്‍ പറ്റിയില്ല.

മോഷ്ടിച്ചിട്ടല്ല ജയിലില്‍ പോയത് ഗള്‍ഫിലെ ഏത് പ്രവാസി ബിസിനസ്സുകാരനും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ് താനും അഭിമുഖീകരിച്ചത്. മകള്‍ ജയിലിലടക്കപ്പെട്ടതാണ് ഏറ്റവും അധികം ദു:ഖത്തിലാഴ്ത്തിയത്.

ഇത്രയും കാലം ജയിലില്‍ കിടക്കാതെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സ്വത്തുക്കള്‍ എനിക്കുണ്ടായിരുന്നു. പക്ഷേ സഹായിക്കുമെന്ന് വിചാരിച്ചവര്‍ മുഖം തിരിച്ചു. മുട്ടാത്ത വാതിലുകള്‍ ഇല്ല. ജയിലില്‍ കിടന്നു മരിക്കേണ്ടി വരുമെന്ന് പോലും തോന്നിയ സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ ദൈവം തന്നെ കൈവിട്ടില്ല, അതാണ് ഇപ്പോള്‍ മോചനം സാധ്യമാക്കിയത്.

മോചനത്തിനു വേണ്ടി സഹായിച്ച എല്ലാവരോടും നന്ദി പറയുന്നതായും രാമചന്ദ്രന്‍ പറഞ്ഞു. ജയിലിലെ തന്റെ ഏറ്റവും വലിയ സങ്കടം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടതാണ്. കടലില്‍ നിന്നും പുറത്തെടുത്ത മത്സ്യത്തെപ്പോലെ പിടയുകയായിരുന്നു താനെന്നാണ് ആ ദിവസത്തെക്കുറിച്ച് അറ്റ്‌ ലസ് രാമചന്ദ്രന്‍ പറയുന്നത്.

ജനങ്ങള്‍, ജന കോടികള്‍ അവര്‍ക്കിടയിലായിരുന്നു താന്‍ അന്നു വരെയും ജീവിച്ചത്. എന്നാല്‍ പെട്ടന്നൊരു ദിവസം എല്ലാം മാറി മറിഞ്ഞു.
ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു. അപ്രതീക്ഷിതമായ ഒരു വനവാസം. ആദ്യ ദിനങ്ങളില്‍ ശൂന്യതയായിരുന്നു അനുഭവപ്പെട്ടത്.

എല്ലാം മരവിച്ചതു പോലെ. ചിറകുകള്‍ അരിഞ്ഞു മാറ്റപ്പെട്ടതു പോലെ. പക്ഷേ മനസില്‍ ഒന്നുറപ്പിച്ചു. ചാരത്തില്‍ നിന്നും പറന്നുയരുന്ന ഫീനിക്സ് പക്ഷിയേ തിരിച്ചു വരും. അവര്‍ക്ക് ശരീരത്തെ മാത്രമാണ് ജയിലിലടക്കാന്‍ കഴിഞ്ഞത്. എന്റെ പ്രതീക്ഷകളെ തളരാത്ത എന്റെ മനസിനെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

രാത്രിയുടെ യാമങ്ങളില്‍ അറിയാതെ മനസ് വിങ്ങുമ്പോള്‍ പോലും പ്രതീക്ഷ നിലനിന്നിരുന്നു. തുണയായി ജയിലിലെ മലയാളി സഹോദരന്മാര്‍ ആശ്വാസവാക്കുകളുമായി ഒപ്പമുണ്ടായിരുന്നു. അതിനേക്കാള്‍ ഏറെ ആശ്വാസമായത്, ഭാര്യ ഇന്ദു ആയിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

ഒരു ദിവസം ഒരു പത്തു തവണയെങ്കിലും അവര്‍ വിളിച്ചു. എന്റെ ബലം എന്റെ ഭാര്യയായിരുന്നു. ജയിലില്‍ വെച്ച് ഏറെ വായിച്ചു.
ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി സൂക്ഷിച്ചു. പഴയ അക്ഷരശ്ലോകങ്ങള്‍ ഓര്‍ത്തെടുത്തു. സഹ തടവുകാര്‍ക്ക് ചൊല്ലിക്കൊടുത്തു. ജയിലിലെ സഹ തടവുകാരെ പോലെ ജയില്‍ വസ്ത്രം ധരിച്ച് ജിവിച്ചു.

ഏതു കാലാവസ്ഥയിലും ആ വസ്ത്രം മാത്രം. അതി കഠിനമായ തണുപ്പിലും മറ്റു വസ്ത്രങ്ങളൊന്നുമില്ല. എല്ലാത്തിനെയും അതിജിവിച്ചു. ഒടുവില്‍ ഫീനിക്സ് പക്ഷിയേ പോലെ തിരിച്ചു വന്നുവെന്നും അറ്റ്‌ ലസ് രാമചന്ദ്രന്‍ മാധ്യമങ്ങളോട് മനസുതുറന്നു.

Top