ദുബായ്: വർഷങ്ങൾ നീണ്ട ജയിൽവാസത്തിനു ശേഷം പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി. 1000 കോടി രൂപയുടെ വായ്പക്കുടിശ്ശിക വരുത്തിയതിനാണു ജയിലിലായിരുന്നത്. വായപ തിരിച്ചടക്കുന്നത് സംബന്ധിച്ച് ബാങ്കുകളുമായി ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് മോചനം. 22 ബാങ്കുകളുടെ കേസ് ഒത്തുതീര്‍പ്പായി.
2015 ഓഗസ്റ്റ് 23 നാണ് അറ്റ് ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
2015 ഡിസംബര്‍ 11ന് ദുബായ് കോടതി രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലായി.
രാമചന്ദ്രന്റെ മോചനത്തിനു വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി ശ്രമം ഊര്‍ജിതമാക്കിയിരുന്നു. യുഎഇ സര്‍ക്കാരിന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് കത്തയക്കുകയും ചെയ്തു. സഹായം അഭ്യര്‍ത്ഥിച്ചു രാമചന്ദ്രന്റെ ഭാര്യ തന്ന കത്ത് കേന്ദ്ര സര്‍ക്കാരിനു കൈമാറുകയും ചെയ്തു. 55.5 കോടി ദിര്‍ഹം (ആയിരം കോടിയോളം രൂപ) വായ്പയുടെ തിരിച്ചടവു മുടങ്ങിയതിന്റെ പേരില്‍ 22 ബാങ്കുകളുമായാണു കേസുള്ളത്.
അതേസമയം ദുരന്തത്തിന്റെ പടുകുഴിയില്‍ വീണപ്പോള്‍ തിരിഞ്ഞ് നോക്കാത്തവരോട് ദേഷ്യമില്ലെന്ന് അറ്റ്ലസ് രാമചന്ദ്രന്‍ അറിയിച്ചു. താന്‍ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. പക്ഷേ ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നിലെ കപടത തിരിച്ചറിയാന്‍ പറ്റിയില്ലന്നും അദ്ദേഹം പ്രതികരിച്ചു.
മോഷ്ടിച്ചിട്ടല്ല ജയിലില്‍ പോയത് ഗള്‍ഫിലെ ഏത് പ്രവാസി ബിസിനസ്സുകാരനും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ് താനും അഭിമുഖീകരിച്ചത്. മകള്‍ ജയിലിലടക്കപ്പെട്ടതാണ് ഏറ്റവും അധികം ദു:ഖത്തിലാഴ്ത്തിയത്.
ഇത്രയും കാലം ജയിലില്‍ കിടക്കാതെ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സ്വത്തുക്കള്‍ എനിക്കുണ്ടായിരുന്നു. പക്ഷേ സഹായിക്കുമെന്ന് വിചാരിച്ചവര്‍ മുഖം തിരിച്ചു. മുട്ടാത്ത വാതിലുകള്‍ ഇല്ല. ജയിലില്‍ കിടന്നു മരിക്കേണ്ടി വരുമെന്ന് പോലും തോന്നിയ സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ ദൈവം തന്നെ കൈവിട്ടില്ല, അതാണ് ഇപ്പോള്‍ മോചനം സാധ്യമാക്കിയത്.
മോചനത്തിനു വേണ്ടി സഹായിച്ച എല്ലാവരോടും നന്ദി പറയുന്നതായും രാമചന്ദ്രന്‍ പറഞ്ഞു. ജയിലിലെ തന്റെ ഏറ്റവും വലിയ സങ്കടം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടതാണ്. ഫിനിക്സ് പക്ഷിയെ പോലെ തിരിച്ചു വരിക തന്നെ ചെയ്യും ആത്മവിശ്വാസത്തോടെ അദ്ദേഹം വ്യക്തമാക്കി.