അത്‌ലറ്റികോ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നു. ബയേണ്‍ മ്യൂണികിനെ എവേ ഗോള്‍ മികവില്‍ മറികടന്നാണ് അത്‌ലറ്റികോ മാഡ്രിഡ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അന്റോണിയോ ഗ്രീസ്മാന്റെ ഏക ഗോളാണ് അത്‌ലറ്റികോക്ക് തുണയായത്.
സ്വന്തം തട്ടകത്തില്‍ വിജയം നേടിയെങ്കിലും കണ്ണീരോടെ മടങ്ങാനായിരുന്നു മുന്‍ ചാമ്പ്യന്‍മാരുടെ വിധി. ഇരു പാദങ്ങളിലുമായി ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയപ്പോള്‍ എവേ ഗോളിന്റെ മുന്‍തൂക്കം അത്‌ലറ്റികോ മാഡ്രിഡിന്റെ രക്ഷക്കെത്തി. അന്‍പത്തിമൂന്നാം മിനിറ്റില്‍ ഗ്രീസ്മാന്‍ നേടിയ ഗോള്‍ അത്‌ലറ്റികോയുടെ ഫൈനലിലേക്കുള്ള ചവിട്ടു പടിയായി
ആദ്യപാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയ ബയേണ്‍ കരുതലോടെയാണ് സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയത്. ആക്രമിച്ച് കളിച്ച ബയേണിന് വേണ്ടി 31ആം മിനിറ്റില്‍ സാബി അലോന്‍സോ ലക്ഷ്യം കണ്ടു. എഴുപത്തിനാലാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയും സ്‌കോര്‍ ചെയ്തതോടെ ബയേണ്‍ ആരാധകര്‍ ആവേശത്തിമര്‍പ്പിലായി.
എണ്‍പത്തിനാലാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസെടുത്ത പെനാല്‍റ്റി കിക്ക് മാന്വല്‍ നൂയര്‍ തടുത്തിട്ടതും ബയേണിന് ആശ്വാസമായി. പക്ഷേ അവസാന മിനിറ്റുകളില്‍ ഗോള്‍ നേടാനുള്ള ബയേണിന്റെ ശ്രമങ്ങളെല്ലാം സിമിയോണിയുടെ ടീമിന്റെ പ്രതിരോധ മികവിന് മുന്നില്‍ തകര്‍ന്നടിഞ്ഞതോടെ അവരുടെ ഫൈനല്‍ പ്രതീക്ഷകളും അവസാനിച്ചു.