തിരുവനന്തപുരം:രണ്ടായിരത്തില്‍ താഴെയുള്ള സംഖ്യ പിന്‍വലിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക, ഇത്തരം പരീക്ഷണ ഇടപാടുകള്‍ നമ്മുടെ പോക്കറ്റു ചോര്‍ത്തുമെന്ന്.
പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ എടിഎമ്മില്‍നിന്നു പണം ലഭിച്ചില്ലെങ്കില്‍പോലും അതിനെ ഇടപാടായിത്തന്നെയാണു ബാങ്കുകള്‍ കണക്കാക്കുന്നു.
മിനി സ്റ്റേറ്റ്‌മെന്റ്, ബാങ്ക് ബാലന്‍സ് പരിശോധന എന്നിവയും ഇടപാടുകള്‍തന്നെ. ഇതുകാരണം ഓരോ ഇടപാടുകാരനും അനുവദിച്ചിട്ടുള്ള ആദ്യ അഞ്ചു സൗജന്യ ഇടപാടുകള്‍ നമ്മളറിയാതെതന്നെ നഷ്ടമാകും.
അഞ്ച് ഇടപാടുകള്‍ കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 23 രൂപയാണ് സര്‍വീസ് ചാര്‍ജായി ബാങ്ക് ഈടാക്കുന്നത്.
മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റു സ്ഥലങ്ങളില്‍ അഞ്ചും ഇടപാടുകളാണു സൗജന്യമായി അനുവദിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ എടിഎമ്മുകളിലും ഒരു മാസം അഞ്ച് ഇടപാടുകള്‍ സൗജന്യമാണ്.
നോട്ട് പിന്‍വലിക്കല്‍ കാലാവധി അവസാനിച്ച ഡിസംബര്‍ 30 വരെ പരിധിയില്ലാതെ സൗജന്യ ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് പ്രത്യേക അനുമതി നല്‍കിയിരുന്നു.
ഈ കാലാവധി അവസാനിച്ചതോടെ എസ്ബിടി, എസ്ബിഐ ഒഴികെയുള്ള മിക്ക ബാങ്കുകളും സര്‍വ്വീസ് ചാര്‍ജ് ഈടാക്കിത്തുടങ്ങി.
എസ്ബിടിയും എസ്ബിഐയും ഉടന്‍ സര്‍വ്വീസ് ചാര്‍ജ് തിരികെ കൊണ്ടുവരും. 2000 രൂപ നോട്ടിന് ആവശ്യക്കാരില്ലാത്തതിനാല്‍ മിക്ക ഇടപാടുകാരും 1900 രൂപയാണു പല തവണകളായി എടിഎമ്മുകളില്‍നിന്നു പിന്‍വലിക്കാന്‍ ശ്രമിക്കുന്നത്.
നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നടത്തുന്ന ഈ പരീക്ഷണ ഇടപാടുകള്‍ സര്‍വ്വീസ് ചാര്‍ജ് തിരികെ എത്തിയതോടെ ഇടപാടുകാര്‍ക്കു തിരിച്ചടിയാകുകയാണ്.