തിരുവനന്തപുരം: രണ്ടു ദിവസത്തിനു ശേഷം രാജ്യത്തെ എ.ടി.എമ്മുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങി. 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷം രണ്ട് ദിവസം എ.ടി.എം പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.
ചില പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ വ്യാഴാഴ്ച രാത്രിയോടെ തന്നെ പണം നിറക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്.
എന്നാല്‍ പല ബാങ്കുകളിലും ആവശ്യത്തിന് പണമില്ലാത്തതിനാല്‍ എ.ടി.എമ്മുകള്‍ ഉച്ചയോടെയേ പണം കിട്ടാന്‍ സാധ്യതയുള്ളൂ.
മതിയായ നോട്ടുകളില്ലാത്തതിനാല്‍ വ്യാഴാഴ്ച പല ബാങ്കുകള്‍ക്കും റിസര്‍വ്ബാങ്ക് നിര്‍ദേശിച്ചത്ര പണംനല്‍കാന്‍ സാധിച്ചിട്ടില്ല.
എന്നാല്‍ ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകള്‍ മാത്രമെ പ്രവര്‍ത്തിക്കു എന്നും പുറം കരാര്‍ നല്‍കിയിട്ടുള്ള എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ പലയിടങ്ങളിലും രാവിലെ തന്നെ ആളുകളെത്തി തുടങ്ങിയിട്ടുണ്ട്. 18 ാം തിയതി വരെ 2000 രൂപ മാത്രമാണ് ഒരു ദിവസം ഒരാള്‍ക്ക് പിന്‍വലിക്കാനാവുക.18 ന് ശേഷം 4000 രൂപ പിന്‍വലിക്കാനാകും.
100, 50 രൂപകളുടെ നോട്ടുകളേ കുറച്ചുദിവസത്തേക്ക് എ.ടി.എമ്മില്‍ ഉണ്ടാകൂ. പുതിയ 2000 രൂപ നോട്ടിന്റെ വലിപ്പം നിലവിലുള്ള എ.ടി.എം. അളവുമായി ചേരാത്തതിനാല്‍ അത് നിറയ്ക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും.
പുതിയ അഞ്ഞൂറുരൂപ നോട്ടുകളാവട്ടെ എത്തിയിട്ടുമില്ല. ഈ നോട്ടുകള്‍ നിറയ്ക്കാന്‍ പാകത്തിന് എ.ടി.എം. സജ്ജീകരണത്തില്‍ മാറ്റം വരുത്താന്‍ ആര്‍.ബി.ഐ. നിര്‍ദേശിച്ചിട്ടുണ്ട്.