മുതുകുളം: സഹായം ആവശ്യപ്പെട്ടെത്തുന്നവരുടെ എ.ടി.എം. കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെടുക്കുന്നയാള്‍ പൊലീസ് പിടിയില്‍. ഇടപ്പള്ളി സ്വദേശിയായ സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പുതിയവിള സ്വദേശികളായ രണ്ട് പേരുടെ എടിഎം കാര്‍ഡ് കൈക്കലാക്കി 1,03,600 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പ്രായമായവരും സ്ത്രീകളും എ.ടി.എം. കൗണ്ടറില്‍ കയറുമ്പോള്‍ പണം എടുക്കാനെന്ന വ്യാജേന ഇയാളും കൂടെ കയറിയാണ് തട്ടിപ്പു നടത്തുന്നത്. പണം പിന്‍വലിക്കാന്‍ അറിയില്ലാത്തവര്‍ സഹായം ആവശ്യപ്പെടും. പണം എടുത്തു നല്‍കുന്നതിനു പകരം മിനി സ്റ്റേറ്റ്‌മെന്റോ ബാലന്‍സ് സ്ലിപ്പോ അടിച്ചു നല്‍കും. നല്‍കിയ എ.ടി.എം. കാര്‍ഡിനു പകരം പണമില്ലാത്ത മറ്റൊരു കാര്‍ഡായിരിക്കും സ്ലിപ്പിനൊപ്പം ഇയാള്‍ തിരികെ നല്‍കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പുതിയവിള സ്വദേശി നല്‍കിയ പരാതിയിലാണ് വന്‍ തട്ടിപ്പ് വെളിവായത്. സി.സി.ടി.വി. ദൃശ്യങ്ങളും ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പണം നഷ്ടപ്പെട്ട ഒരാള്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നിര്‍ദേശപ്രകാരം കായംകുളം ഡിവൈ.എസ്.പി. ആര്‍.ബിനു രൂപവത്കരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.