ATM fraud ; rumaniyans behind the robbery , found the accommodation space and bike

തിരുവനന്തപുരം: തലസ്ഥാനത്തെ വന്‍ എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ പോലീസ് കണ്ടെത്തി. ക്രിസ്റ്റിന്‍ വിക്ടര്‍, ഇലി, ഫ്‌ളോറിക് എന്നീ റുമേനിയന്‍ വംശജരാണ് തട്ടിപ്പിന് പിന്നില്‍.

കവര്‍ച്ച സംഘത്തിന്റെ പാസ്‌പോര്‍ട്ടും തലസ്ഥാനത്ത് താമസിച്ച സ്ഥലങ്ങളും ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇവര്‍ തലസ്ഥാനത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവളത്തും തിരുവനന്തപുരത്തുമായി വമ്പന്‍ ഹോട്ടലുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ടൂറിസ്റ്റ് വീസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ജൂലൈ എട്ടാം തീയതി തിരുവനന്തപുരത്തെ ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ 12-ാം തീയതി മുറിയൊഴിഞ്ഞു. ആദ്യം ഒരാളാണ് മുറിയെടുത്തത്. പിന്നീട് രണ്ടു പേര്‍ കൂടി ഇയാള്‍ക്കൊപ്പം ചേരുകയായിരുന്നു. ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

തലസ്ഥാനത്ത് കറങ്ങാന്‍ കോവളത്തു നിന്നും വാടകയ്ക്ക് എടുത്ത ബൈക്കാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഹാന്‍ഡ് ബാഗ് ഇവരുടെ കൈവശം കാണാറുണ്ടായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

തട്ടിപ്പുകാരുടെ പേര് വിവരങ്ങള്‍ കൂടി ലഭിച്ചതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ക്ക് പ്രദേശവാസികളുടെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം എടിഎം തട്ടിപ്പില്‍ ശക്തമായ നടപടി വേണമെന്ന് കെ.സി.വേണുഗോപാല്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് എടിഎം ഇടപാടുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top