തിരുവനന്തപുരം : കേരളത്തിലെത്തിയ റുമേനിയന്‍ തട്ടിപ്പു സംഘത്തിനു മുംബൈയില്‍ പ്രാദേശിക തട്ടിപ്പുസംഘങ്ങളുടെ സഹായം ലഭിച്ചതായി സൂചന.
തട്ടിപ്പുസംഘത്തിലെ അഞ്ചാമനു വേണ്ടി എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ചതു തദ്ദേശീയനാണെന്ന് മുംബൈയിലെ എടിഎം മുറിക്കുള്ളിലെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
ഗബ്രിയേല്‍ അറസ്റ്റിലായതിനു പിന്നാലെ രാത്രി 11.46 ന് ഒരാള്‍ എടിഎം മുറിയിലേക്കു കടന്നു പണം പിന്‍വലിക്കുന്നതാണു ദൃശ്യം. കറുത്ത ഷര്‍ട്ടും ജീന്‍സും ധരിച്ച ഇയാള്‍ ഇന്ത്യന്‍ പൗരനാണെന്നാണു പൊലീസ് വിലയിരുത്തല്‍.
ഒട്ടേറെ സമയം വിവിധ കാര്‍ഡുകള്‍ എടിഎമ്മില്‍ പരീക്ഷിക്കുന്നതും കാണാം. എന്നാല്‍, ഈ വീഡിയോ കാണിച്ചപ്പോള്‍ തനിക്ക് ഇയാളെ അറിയില്ലെന്നായിരുന്നു ഗബ്രിയേലിന്റെ പ്രതികരണം.
എടിഎമ്മില്‍ നിന്നു പണമെടുക്കാന്‍ അഞ്ചാമന്‍ മുംബൈയില്‍ മറ്റാരുടെയോ സഹായം തേടിയെന്ന സംശയമാണു ശക്തമാകുന്നത്.
പണം പിന്‍വലിക്കുന്ന ഇതേ സമയത്തു തന്നെയാണു തിരുവനന്തപുരം ചൂഴമ്പാല സ്വദേശിയും എസ്ബിടി പള്ളിത്തുറ ശാഖയിലെ മുന്‍ ചീഫ് മാനേജരുമായ ബി.ജ്യോതികുമാറിന്റെ അക്കൗണ്ടില്‍ നിന്ന് 47,800 രൂപ നഷ്ടപ്പെട്ടത്.