atm robbery accused arrested

തിരുവനന്തപുരം : എടിഎം മെഷീനില്‍ വ്യാജ സ്ലോട്ട് (എടിഎം കാര്‍ഡ് സ്വൈപ് ചെയ്യുന്ന സ്ഥലം) ഘടിപ്പിച്ചാണ് പണം പിന്‍വലിക്കാനെത്തിയവരുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍ പൊലീസിനു മൊഴി നല്‍കി.

തട്ടിപ്പു സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. അതേസമയം, രണ്ടു മാസത്തിനിടെ തലസ്ഥാനത്തെത്തിയ മുഴുവന്‍ വിദേശികളുടേയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു തുടങ്ങി.

കേരള പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസാണു ഗബ്രിയേല്‍ മരിയനെ (27) രാത്രി കസ്റ്റഡിയിലെടുത്തത്. ഇയാളാണ് എടിഎം മുറിക്കുള്ളില്‍ കയറി ക്യാമറ സ്ഥാപിച്ചതെന്നു കണ്ടെത്തിയിരുന്നു. ക്രിസ്ത്യന്‍ വിക്ടര്‍ (26), ബോഗ്ഡീന്‍ ഫ്‌ലോറിയന്‍ (25) എന്നിവരാണു സംഘത്തിലെ മറ്റു രണ്ടുപേര്‍.

മുഖ്യപ്രതിയായ ഗബ്രിയേല്‍ മരിയനെ ചോദ്യം ചെയ്യുന്നതിനായി ഇന്ന് കേരളത്തില്‍ എത്തിച്ചേക്കും. തെളിവെടുപ്പിന് വേണ്ടി തിരുവനന്തപുരത്തെ വിവിധ എടിഎം കൗണ്ടറുകളിലേക്ക് കൊണ്ടുവരും.

ഇന്നലെ വൈകിട്ട് പണം പിന്‍വലിച്ച് മടങ്ങുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. കേരളാ പൊലീസിന്റെയും മുംബൈ പൊലീസിന്റേയും സംയുക്ത നീക്കത്തിലാണ് പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയത്.

മുംബൈയില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് ഇന്നലെ പരിശോധന നടത്തി. പരിശോധനയില്‍ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

കൂട്ടാളികളായ മറ്റ് രണ്ടുപേരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ജൂണ്‍ 25നാണ് മരിയനും കൂട്ടാളികളും ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയത്. സെപ്റ്റംബര്‍ വരെയാണ് വിസാ കലാവധി.

എടിഎം മെഷീനില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയത് റുമേനിയക്കാരാണെന്ന് കണ്ടെത്തിയിരുന്നു. വിനോദ സഞ്ചാരികള്‍ എന്ന പേരില്‍ കേരളത്തിലെത്തിയാണ് മോഷണം നടത്തിയത്. മോഷണം ആസൂത്രിതമായിരുന്നു.

തട്ടിപ്പുകാര്‍ രഹസ്യമായി കാമറ ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചത് എസ്ബിഐയുടെ വെള്ളയമ്പലത്തെ എടിഎമ്മിലാണ്. പക്ഷെ വിവരങ്ങള്‍ ചോര്‍ത്തിയ സംഘം അന്‍പതിലേറെപ്പേരുടെ പണം പിന്‍വലിച്ചത് മുംബൈയില്‍ നിന്നും.

മുന്‍പ് ഇടപാടുകാരുടെ അജ്ഞത മുതലാക്കിയായിരുന്നു എടിഎം തട്ടിപ്പുകളെങ്കില്‍ ആദ്യമായാണ് വിവരങ്ങള്‍ ചോര്‍ത്തയെടുത്തുള്ള ഹൈടെക് തട്ടിപ്പ് കേരളത്തില്‍ നടക്കുന്നത്.

ഈ ഹൈടെക് തട്ടിപ്പ് രീതിയെകുറിച്ച് പൊലീസ് പറയുന്നത് :
എടിഎമ്മിന് മുകളില്‍ സ്ഥാപിച്ച സ്‌മോക് ഡിറ്റക്ടറിലെ രഹസ്യ കാമറ ഇടപാടുകാരുടെ പിന്‍നമ്പര്‍ പകര്‍ത്തും. മെഷീനില്‍ എടിഎം കാര്‍ഡ് ഇടുന്ന സ്ഥലത്ത് തട്ടിപ്പ് സംഘം വ്യാജ സ്ലോട്ടും സ്ഥാപിക്കും.

ഇവിടെ സ്വൈപ് ചെയ്യുന്ന മാഗ്‌നറ്റിക് കാര്‍ഡിലെ വിവരങ്ങള്‍ വ്യാജ സ്ലോട്ടില്‍ താനെ പതിയും. ഇങ്ങനെ ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍ സംഘത്തിലുള്ളവര്‍ മുംബൈയിലെ കൂട്ടാളികള്‍ക്കു കൈമാറും. തുടര്‍ന്നു വ്യാജ കാര്‍ഡുകളുണ്ടാക്കി പണം പിന്‍വലിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

Top