ATM ROBBERY ACCUSED GABRIEL MARIO -KERALA

തിരുവനന്തപുരം: ഹൈടെക് എടിഎം കവര്‍ച്ചാ കേസ് പ്രതി ഗബ്രിയേല്‍ മരിയോയെ തിരുവനന്തപുരത്തെത്തിച്ചു.

മുംബൈയില്‍ നിന്ന് വിമാനത്തില്‍ വൈകുന്നേരത്തോടെയാണ് മരിയോയെ കേരളത്തില്‍ എത്തിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് റുമേനിയന്‍ ക്രയോവാ സ്വദേശിയായ ഗബ്രിയേല്‍ പിടിയിലായത്.

കേരള പൊലീസിന്റെ വിദഗ്ധ സംഘത്തിന്റെയും മുംബൈ പൊലീസിന്റെയും സംയുക്തനീക്കത്തിലൂടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്റെ അക്കൗണ്ടില്‍നിന്ന് 100 രൂപ പിന്‍വലിച്ച് മടങ്ങവേയാണ് ഇയാളെ പിടികൂടിയത്.

അതേസമയം, ഗബ്രിയേലിനെ കുടുക്കാന്‍ അന്വേഷണസംഘത്തിന് തുണയായത് ടാക്‌സി ഡ്രൈവറുടെ മൊഴിയായിരുന്നു.

മുംബൈയിലെ ഹോട്ടലില്‍ ഇയാളെ കൊണ്ടുവിട്ട ടാക്‌സി ഡ്രൈവറാണ് ഗബ്രിയേലിനെ കുറിച്ച് പൊലീസിനു നിര്‍ണായക വിവരങ്ങള്‍ കൈമാറിയത്.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ജൂണ്‍ 25നാണ് ഗബ്രിയേലും സംഘവും ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയത്. സെപ്തംബര്‍ വരെയാണ് വിസാ കലാവധി.

തലസ്ഥാനത്തെ ഞെട്ടിച്ച എടിഎം കവര്‍ച്ച മെഷീനില്‍ ഘടിപ്പിച്ച വ്യാജ സ്ലോട്ട് വഴിയാണെന്ന് പിടിയിലായ പ്രതി ഗബ്രിയേല്‍ മൊഴി നല്‍കിയിട്ടുണ്ട്.

വ്യാജ സ്ലോട്ടില്‍ കാര്‍ഡ് ഉരസുമ്പോള്‍ മാഗ്‌നറ്റിക് കാര്‍ഡിലെ വിവരങ്ങള്‍ സ്ലോട്ടില്‍ പതിയും. ഇങ്ങനെ ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍ സംഘത്തിലുള്ളവര്‍ മുംബൈയിലെ കൂട്ടാളികള്‍ക്ക് കൈമാറുന്നതാണ് സംഘത്തിന്റെ രീതി.

തുടര്‍ന്ന് വ്യാജ കാര്‍ഡുകളുണ്ടാക്കി പണം പിന്‍വലിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേരുള്ളതായും സൂചനയുണ്ട്.

Top