കൊല്ലം : എസ്.ബി.ഐ.യുടെ എ.ടി.എം. കുത്തിത്തുറന്ന് മോഷണശ്രമം. ചാത്തന്നൂര്‍ കാരംകോട് ശീമാട്ടി ഗുരുമന്ദിരത്തിനുസമീപത്തെ എ.ടി.എമ്മിലാണ് മോഷണശ്രമം നടന്നത്. എ.ടി.എം. മെഷീന്റെ പാസ്‌വേര്‍ഡ് ലോക്ക് നശിപ്പിച്ചു. മെഷീന്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഞായറാഴ്ച രാത്രിയാകാം സംഭവമെന്ന് പൊലീസ് സംശയിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് എ.ടി.എമ്മില്‍ പണം നിറയ്ക്കാനായി എത്തിയപ്പോഴാണ് മോഷണശ്രമം കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച എ.ടി.എമ്മിന്റെ ക്യാമറ കറുത്ത പെയിന്റ് അടിച്ച് ആരോ മറച്ചിരുന്നു. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് ഞായറാഴ്ച രാത്രി മോഷണശ്രമം നടന്നത്.
എ.ടി.എമ്മിന്റെ ഫ്രണ്ട് ഡോര്‍ തുറന്നു ലോക്ക് നശിപ്പിച്ചെങ്കിലും ചെസ്റ്റ് പൊട്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പണം നഷ്ടമായില്ലെന്നും അധികൃതര്‍ പറഞ്ഞു. പുതിയ മെഷീന്‍ ലോക്ക് സ്ഥാപിക്കുന്നതുവരെ ശീമാട്ടിയിലെ എ.ടി.എം. അടച്ചിടുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.