എടിഎം കവര്‍ച്ചാസംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി; കളമശ്ശേരിയിലും എടിഎം കവര്‍ച്ചാശ്രമം

തൃശൂര്‍: ചാലക്കുടി ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം ഉപേക്ഷിച്ച നിലയില്‍ എടിഎം കവര്‍ച്ചാസംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി. എറണാകുളം ഇരുമ്പനത്തു നിന്ന് 25 ലക്ഷവും തൃശൂര്‍ കൊരട്ടിയില്‍ നിന്ന് 10 ലക്ഷവുമാണ് കവര്‍ന്നത്. അന്തര്‍സംസ്ഥാന പ്രൊഫഷണല്‍ കവര്‍ച്ചാസംഘമാണ് കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം.സമാന കവര്‍ച്ചാ ശ്രമം കോട്ടയത്തും നടന്നെങ്കിലും പണം നഷ്ടപ്പെട്ടില്ലെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. കളമശ്ശേരിയിലും എടിഎം കവര്‍ച്ചാശ്രമം നടന്നു.

നാലു എടിഎമ്മുകളാണ് ഒറ്റ രാത്രി കൊണ്ട് കവര്‍ച്ചാ സംഘം ലക്ഷ്യം വെച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ത്തായിരുന്നു തൃശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍ നിന്നും തൃപ്പൂണിത്തുറ ഇരുമ്പനത്തെ എസ് ബി ഐ എടിഎമ്മില്‍നിന്നും പണം കവര്‍ന്നത്. പിക്കപ്പ് വാനിലെത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് എടിഎമ്മിനുളളില്‍ കടന്നത്. കയ്യില്‍ കരുതിയിരുന്ന സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് സിസിടിവി ക്യാമറ നശിപ്പിച്ചു. കവര്‍ന്ന പണവുമായി എടിഎം പരിസരത്തുനിന്ന് മിനിറ്റുകള്‍ക്കുളളില്‍ രക്ഷപെട്ടു.

കൊരട്ടയിലെയും ഇരുമ്പനത്തെയും എ ടി എമ്മുകളിലെ രണ്ടാമത്തെ സിസിടിവി ക്യാമറിയില്‍ നിന്നാണ് കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത്. ഇരുവരും തുണി ഉപയോഗിച്ച് മുഖം മറച്ചിരുന്നു. ഇതില്‍ ഒരാള്‍ കോട്ടയത്ത് മുമ്പു നടന്ന എടിഎം കവര്‍ച്ചയിലും പങ്കെടുത്തിരുന്നതായി തിരിച്ചറിഞ്ഞു. 3.20 ന് ഇരുമ്പനത്ത് നടന്ന കവര്‍ച്ചക്ക് കൃത്യം ഒരു മണിക്കൂര്‍ ശേഷമാണ് കൊരട്ടിയില്‍ സമാനരീതിയില്‍ കവര്‍ച്ച നടന്നത്.കോട്ടയത്ത് മോനിപ്പളളിയിലും വെമ്പളളിയിലും സമാനരീതിയില്‍ മോഷണശ്രമം നടന്നെങ്കിലും വിജയിച്ചില്ല. കോട്ടയം രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണ് പ്രതികള്‍ എത്തിയതെന്ന് കണ്ടെത്തിയട്ടുണ്ട്. ഈ വാഹനം മോഷ്ടിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Top