കടയ്ക്കല്‍: എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയെടുത്തെന്ന പരാതിയുമായി അധ്യാപകന്‍. എടിഎം കാര്‍ഡിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം തട്ടിയെടുത്തെന്നാണ് കൊല്ലം കടയ്ക്കല്‍ മേലേ അറ്റം വീട്ടില്‍ സക്കീര്‍ ഹുസൈന്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.
കുമ്മിള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനാണ് സക്കീര്‍. 14500 രൂപ നഷ്ടപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. എസ്ബിഐയുടെ ഹെഡ് ഓഫീസില്‍ നിന്നാണെന്നു പറഞ്ഞായിരുന്നു സക്കീര്‍ ഹുസൈന് ഫോണ്‍ വന്നതെന്നും കാര്‍ഡിന്റെ കാലാവധി നഷ്ടപ്പെട്ടെന്നും പുതുക്കാന്‍ നമ്പര്‍ പറയണമെന്നും ആവശ്യപ്പെടുകയായിരുന്നു. കാര്‍ഡിലെ നമ്പറും ഒടിപി നമ്പറും പറഞ്ഞുകൊടുത്ത സക്കീര്‍ ഹുസൈന് പിന്നീടാണ് പണം നഷ്ടപ്പെട്ടതായി മനസിലായത്.
സക്കീര്‍ ഹുസൈന്റെ ഫോണിലേക്ക് വന്ന കോളിന്റെ വിവരങ്ങള്‍ വെച്ച് നടത്തിയ അന്വേഷണത്തില്‍ പണം തട്ടിയ ആളുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.