എടിഎം കവർച്ച; ട്രിച്ചി നൈറ്റ് പട്രോളിംഗ് നടത്തുന്ന പൊലീസുകാർക്ക് തോക്കുൾപ്പെടെ ആയുധങ്ങൾ അനുവദിച്ചു

ചെന്നൈ: നൈറ്റ് പട്രോളിംഗ് നടത്തുന്ന പൊലീസ് പാർട്ടികൾക്ക് തോക്കുൾപ്പെടെ ആയുധങ്ങൾ അനുവദിച്ച് ട്രിച്ചി പൊലീസ്. തിരുവണ്ണാമലയിൽ കഴിഞ്ഞ ദിവസം നടന്ന എടിഎം കൊള്ളയുടെ പശ്ചാത്തലത്തിലാണ് നടപടി. എടിഎം സുരക്ഷ സംബന്ധിച്ച് വിലയിരുത്താൻ പൊലീസ് വിവിധ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു.

അതേസമയം എടിഎം കൊള്ളയടിച്ച പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവണ്ണാമലയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളും വൺ ഇന്ത്യ ബാങ്കിന്റെ ഒരു എടിഎമ്മും രാത്രി ഒരേ സമയം കൊള്ളയടിച്ചത്. ആകെ 75 ലക്ഷത്തിലേറെ രൂപയാണ് നഷ്ടമായത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളും വൺ ഇന്ത്യ ബാങ്കിന്റെ ഒരു എടിഎമ്മുമാണ് കൊള്ളയടിച്ചത്. തിരുവണ്ണാമല സിറ്റിയിൽ, മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പത്താം തെരുവിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, തേനിമല ഭാഗത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, കലശപ്പാക്കം ഭാഗത്ത് പ്രവർത്തിക്കുന്ന വൺ ഇന്ത്യയുടെ എടിഎം, പോലൂർ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം എന്നിവ ഒരേ സമയം തകർത്ത് പണം കവരുകയായിരുന്നു.

അർദ്ധരാത്രി ആളൊഴിഞ്ഞതിന് ശേഷം എടിഎം മെഷീനുകൾ സ്ഥാപിച്ച മുറികളിൽ കയറി ഷട്ടറിട്ടതിന് ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ മുറിച്ചാണ് പണം കൊള്ളയടിച്ചത്. നാലിടത്തും കൊള്ളയ്ക്ക് ശേഷം എടിഎം മെഷീനും സിസിടിവി ക്യാമറകളും മോഷ്ടാക്കൾ കത്തിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് നാലിടങ്ങളിൽ ഒരേ സമയം ഒരേ സ്വഭാവത്തിൽ കവർച്ച നടത്തിയത്. എടിഎം മെഷീനുകൾക്കും സിസിടിവിക്കും തീയിട്ടതിനാൽ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കണ്ടെത്താനായില്ല.

ഫോറൻസിക് സംഘമെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തിരുവണ്ണാമലൈ സിറ്റി, പോലൂർ, കലശപ്പാക്കം എന്നിങ്ങനെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കവർച്ച നടന്നത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സമീപ റോഡുകളിലേയും സ്ഥാപനങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ മൊബൈൽ ടവർ ലൊക്കേഷനുകളും ഫോൺ വിളികളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

Top