തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച എടിഎം തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടാന്‍ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലേക്ക്. സൈബര്‍ വിദഗ്ധരടങ്ങിയ അന്വേഷണസംഘമാണ് മുംബൈയിലേക്കു തിരിച്ചിട്ടുള്ളത്. മുംബൈ പൊലീസിന്റെ സഹായവും കേരള പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ സൈബര്‍ ഡോമിന്റെ ചുമതല കൂടിയുള്ള ഐജിയായതിനാല്‍ മിടുക്കരായ ഒരു സംഘം സൈബര്‍ വിദഗ്ധരുടെ സേവനമാണ് മനോജ് ഏബ്രഹാം പ്രയോജനപ്പെടുത്തുന്നത്.
കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്രിസ്റ്റിന്‍ വിക്ടര്‍, ഇലി, ഫ്‌ളോറിക് എന്നീ റുമേനിയന്‍ വംശജരാണ് തട്ടിപ്പിന് പിന്നില്‍.
കവര്‍ച്ച സംഘത്തിന്റെ പാസ്‌പോര്‍ട്ടും തലസ്ഥാനത്ത് താമസിച്ച സ്ഥലങ്ങളും ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെത്തി.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇവര്‍ തലസ്ഥാനത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവളത്തും തിരുവനന്തപുരത്തുമായി വമ്പന്‍ ഹോട്ടലുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ടൂറിസ്റ്റ് വീസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ജൂലൈ എട്ടാം തീയതി തിരുവനന്തപുരത്തെ ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ 12ാം തീയതി മുറിയൊഴിഞ്ഞു. ആദ്യം ഒരാളാണ് മുറിയെടുത്തത്. പിന്നീട് രണ്ടു പേര്‍ കൂടി ഇയാള്‍ക്കൊപ്പം ചേരുകയായിരുന്നു. ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് കറങ്ങാന്‍ കോവളത്തു നിന്നും വാടകയ്ക്ക് എടുത്ത ബൈക്കാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഹാന്‍ഡ് ബാഗ് ഇവരുടെ കൈവശം കാണാറുണ്ടായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
വിദേശികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഇന്റര്‍പോളിന്റെ സഹായം തേടിയതായി ഐജി മനോജ് എബ്രഹാം അറിയിച്ചു.അന്വേഷണത്തില്‍ രാജ്യാന്തര ഏജന്‍സികളെ സഹകരിപ്പിക്കാനാണ് തീരുമാനം.
മൂന്നു ദിവസങ്ങളിലായിട്ടാണ് എടിഎം വിവരങ്ങള്‍ ചോര്‍ത്തിയതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റോബിന്‍ഹുഡ് സിനിമാ മോഡലിലായിരുന്നു മോഷണം. ജൂണ്‍ 30, ജൂലൈ 3,9 തീയതികളില്‍ എടിഎം ഉപയോഗിച്ചവരുടെ പണമാണ് നഷ്ടമായിരിക്കുന്നതെന്ന വിവരമാണ് പുറത്ത് വന്നിട്ടുള്ളതെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ ആകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരം വെള്ളയമ്പലത്തെ എസ്ബിഐ എടിഎം ഉപയോഗിച്ചവര്‍ എത്രയും പെട്ടെന്ന് പിന്‍ നമ്പര്‍ മാറ്റണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.
തലസ്ഥാനത്തെ എടിഎമ്മുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പു പരമ്പരയുടെ തുടക്കം. മുംബൈയിലെ എടിഎം കൗണ്ടറുകള്‍ വഴി പണം പിന്‍വലിച്ചതായും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു.
അത്യാധുനിക സാങ്കേതിക വിദ്യ ഉപോയോഗിച്ചു കൊണ്ടുള്ള കവര്‍ച്ചയാണ് നടന്നിരിക്കുന്നത്. റഷ്യന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദജ്രീകരിച്ചുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് വിവരം. സ്വിമ്മര്‍ എന്ന സോഫ്റ്റവെയര്‍ എടിഎം കൗണ്ടറില്‍ സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. കൂടാതെ ക്യാമറ സ്ഥാപിച്ച് പിന്‍നമ്പറും മറ്റും ചോര്‍ത്തിയ ശേഷം വ്യാജ കാര്‍ഡുകള്‍ സൃഷ്ടിച്ചാണ് കവര്‍ച്ച നടത്തിയത്.
ഒറിജിനലിനെ വെല്ലുന്ന വ്യാജ എടിഎം കാര്‍ഡും അന്വേഷണ സംഘത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് നിരവധി പേരില്‍ നിന്നായി തട്ടിപ്പ് സംഘം കവര്‍ന്നത്.
ഹൈടെക്കായി നടത്തിയ മോഷണത്തിലെ പ്രതികളെ പിടികൂടാന്‍ ഹൈടെക് സാങ്കേതിക വിദ്യതന്നെയാണ് അന്വേഷണ സംഘവും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തെ ബാങ്കിങ് മേഖലയെയും ഉപഭോക്താക്കളെയും ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും ഇത് സംബന്ധമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനങ്ങളില്‍ നടന്ന ഇതേമോഡല്‍ തട്ടിപ്പുകളുടെ വിശദാംശങ്ങളാണ് ഐബി ശേഖരിക്കുന്നത്.