ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നു മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വരുന്നത്. സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമയി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം.
രാജ്യത്തെ നികുതിദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നല്‍കിയതായി മന്ത്രി പറഞ്ഞു. 39.7 ലക്ഷം പേര്‍ക്കാണ് തുക വിതരണം ചെയ്തത്. ഉത്സവ അഡ്വാന്‍സ് നല്‍കുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാര്‍ഡ് വിതരണം ചെയ്തു. മൂലധന ചെലവുകള്‍ക്കായി 3,621 കോടി രൂപ പലിശരഹിത വായ്പയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 28 സംസ്ഥാനങ്ങളിലായി 68.8 കോടി പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണ്. ഉത്പന്ന നിര്‍മാണ ആനുകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.