തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകള്‍ പഴയ നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തരമായി 100, 500 രൂപ നോട്ടുകള്‍ ലഭ്യമാക്കണമെന്നു വിവിധ ബാങ്കുകള്‍ റിസര്‍വ്ബാങ്കിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇടപാടു നടക്കുന്ന എസ്ബിടി, എസ്ബിഐ എടിഎമ്മുകളില്‍ ഇപ്പോള്‍ 2000 രൂപ മാത്രമാണുള്ളത്. ചുരുക്കം ചില എടിഎമ്മുകളില്‍ 100 രൂപ നിറയ്ക്കുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ക്കകം കാലിയാകുന്നു.
പകുതിയോളം ബാങ്കുകള്‍ പ്രധാന ഇടങ്ങളിലെ എടിഎമ്മുകളില്‍ മാത്രമാണ് ഇപ്പോള്‍ പണം നിറയ്ക്കുന്നത്. കൈവശം ഇഷ്ടംപോലെയുള്ള 2000 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറച്ചു പ്രശ്‌നം പരിഹരിക്കുകയാണു ബാങ്കുകള്‍.
അതേസമയം, പുതിയ നോട്ടുകളടങ്ങിയ കണ്ടെയ്‌നര്‍ ഇന്നലെ ആര്‍ബിഐ മേഖലാ ഓഫിസില്‍ എത്തിയതായി സൂചനയുണ്ട്. ഇതുവരെ എത്തിയതില്‍ ഏറ്റവും കൂടുതല്‍ തുകയടങ്ങിയ കണ്ടെയ്‌നറാണ് ഇതെന്നും വിവരമുണ്ട്.
ആവശ്യത്തിനു പണം ഉടന്‍ ലഭ്യമാക്കാമെന്നു ബാങ്കുകള്‍ക്ക് ആര്‍ബിഐ ഉറപ്പും നല്‍കി. സംസ്ഥാനത്തെ 214 ചെസ്റ്റുകളില്‍ നിന്നുള്ള പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതും പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നതും ആര്‍ബിഐയെ കടുത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കാനറ ബാങ്ക് ചെസ്റ്റുകളില്‍ സൂക്ഷിച്ചിരുന്ന പഴയ നോട്ടുകള്‍ കഴിഞ്ഞ ദിവസം ആര്‍ബിഐയില്‍ എത്തിച്ചെങ്കിലും സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ സ്വീകരിച്ചില്ല. തുടര്‍ന്ന്, ഈ പണം കണ്ടെയ്‌നറില്‍ തന്നെ കാസര്‍കോട് വരെ വിവിധ ചെസ്റ്റുകളില്‍ തിരികെ എത്തിക്കേണ്ടിവന്നു.