തിരുവനന്തപുരം: സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ രാജ്യം വിട്ട യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഗണ്‍മാന്റെ തോക്ക് തിരികെ വാങ്ങി. അറ്റാഷെ മടങ്ങി പോയിട്ടും ഗണ്‍മാന്‍ തോക്ക് തിരികെ എആര്‍ ക്യാംപില്‍ നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ പൊലീസ് സംഘം ഗണ്‍മാന്റെ വീട്ടില്‍ എത്തി തോക്ക് തിരികെ വാങ്ങുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും ഹില്‍ട്ടല്‍ ഗാര്‍ഡല്‍ ഹോട്ടലില്‍ കസ്റ്റംസ് സംഘമെത്തി. പ്രതികള്‍ ഹോട്ടല്‍ മുറികള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരോടും മറ്റുള്ളവരോടും വിവരങ്ങള്‍ അന്വേഷണ സംഘം ചോദിച്ചു. അതേസമയം അറ്റാഷെ രാജ്യം വിട്ട സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിക്കാന്‍ തയ്യാറായില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ സര്‍ക്കാരുമായി സമ്പര്‍ക്കത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
അറ്റാഷെയെ ചോദ്യം ചെയ്യാനായി എന്‍ഐഎയും കസ്റ്റംസും അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ഇയാള്‍ യുഎഇയിലേക്ക് തിരികെ പോയത്. അറ്റാഷെയെ കൂടാതെ യുഎഇ കോണ്‍സുല്‍ ജനറലിനെയും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്ന നിരവധി തവണ വിളിച്ചതായാണ് ഫോണ്‍രേഖകള്‍. സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് തുറക്കാനുള്ള കസ്റ്റംസ് നീക്കത്തെ ശക്തമായി എതിര്‍ത്തത് യുഎഇ കോണ്‍സിലിലെ അറ്റാഷെ റാഷദ് അല്‍ ഷെമെയ്‌ലിയാണ്.
അറ്റാഷെയുടെ പേരിലാണ് കഴിഞ്ഞ 30ാം തീയതി ബാഗ് എത്തിയത്. നയതന്ത്ര പരിരക്ഷയുള്ള ബാഗ് തുറക്കാന്‍ അനുവദിക്കില്ലെന്നും തുറക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സരിത്തിനൊപ്പം എത്തിയ അറ്റാഷെ ഭീഷണിപ്പെടുത്തി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ അറ്റാഷെയുടെ സാന്നിധ്യത്തില്‍ തന്നെ അഞ്ചിന് ബാഗ് തുറക്കുയും സ്വര്‍ണം പിടികൂടുകയും ചെയ്തു.