Attack against Pathriyarkis Bava; Chennithala’s statement

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദിവിതീയന്‍ പാത്രിയര്‍ക്കിസ് ബാവക്ക് നേരെ വടക്ക് കിഴക്കന്‍ സിറിയയില്‍ വച്ച് നടന്ന ആക്രമണം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നും സമാധാനത്തിന്റെയും ശാന്തിയുടെയും വക്താവായിരുന്നു ബാവയെന്നും ചെന്നിത്തല പറഞ്ഞു.

പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് ചാവേര്‍ ആക്രമണം നടന്നത്. ബാവക്ക് പരിക്കില്ലായെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ജന്‍മനാട്ടില്‍ വെച്ച് നടന്ന ആക്രമണത്തില്‍ ബാവ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അതേസമയം ചാവേറായി വന്ന ഭീകരനും ഒരു അംഗരക്ഷകനും ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. കേരളത്തിലെ യാക്കോബായ സഭയുള്‍പ്പെടെ സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ.

പാത്രിയാര്‍ക്കീസ് ബാവയുടെ ജന്‍മനാടായ ഖാമിഷ്‌ലി ജില്ലയിലെ ഖാതിയില്‍ 1915ലെ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടെയാണ് ആക്രമണം. കൊല്ലപ്പെട്ടവരുടെ സ്മാരകം ഉദ്ഘാടനം ചെയ്ത ശേഷം പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു പാത്രിയാര്‍ക്കീസ് ബാവ.

ഇതിനിടെ ശരീരത്തില്‍ ബോംബു ഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാര്‍ക്കീസ് ബാവയെ വധിക്കാന്‍ ശ്രമിച്ചത്. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ടാണ് ചാവേറിന് അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിയാതിരുന്നത്.

ലക്ഷ്യത്തിലെത്തും മുന്‍പു തന്നെ ചാവേര്‍ പൊട്ടിത്തെറിച്ചു മരിച്ചു. സുതുറോയിലെ ഒരംഗവും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആക്രമണത്തില്‍ എട്ടു പേര്‍ക്ക് ഗുരുതരമായും പരുക്കേറ്റിട്ടുണ്ട്. പാത്രിയാര്‍ക്കീസ് ബാവയ്ക്കു പരുക്കുകളൊന്നുമില്ല.

Top