എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യരുത്: ഹര്‍ജിയില്‍ അന്തിമവാദം നാളെ

തിരുവനന്തപുരം: പീഡന പരാതി നൽകിയ യുവതിയെ വക്കീൽ ഓഫിസിൽവച്ച് മർദിച്ചെന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് കോടതി. മുൻകൂർ ജാമ്യത്തിൽ അന്തിമ ഉത്തരവ് വരുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്.

ഹർജിയിൽ നാളെ അന്തിമവാദം കേൾക്കും. ഇന്നലെ എംഎൽഎ മുനകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

കമ്മിഷണർ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബർ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചതിനെ തുടർന്ന് കോവളം സിഐയെ സ്ഥലം മാറ്റി. എൽദോസിനെ കെപിസിസി അംഗത്വത്തിൽനിന്ന് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

Top