ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാപുരില്‍ പശുക്കടത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ആള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി.
ആള്‍ക്കൂട്ട ആക്രമണത്തിനിരിയായ സമിയുദ്ദീന് സംരക്ഷണം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മീററ്റ് പൊലീസിനോടാണ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. അക്രമത്തെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പശുവിനെ കടത്തിയെന്ന് ആരോപിച്ച് ജൂണ്‍ 18നായിരുന്നു ജനക്കൂട്ടം സമിയുദ്ദീനെയും സുഹൃത്ത് ഖാസിം ഖുറേഷിയെയും ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ ഖാസിം മരിച്ചിരുന്നു. എന്നാല്‍ പശുവിന്റെ പേരിലുള്ള ആക്രമണമല്ല നടന്നതെന്നായിരുന്നു പൊലീസ് വാദിച്ചത്. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.