തൃശൂര്‍: തൃശൂര്‍ കോടാലിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്.
ആക്രമണത്തില്‍ സ്വകാര്യ ബസില്‍ കണ്ടക്ടറായ ഇഞ്ചക്കുണ്ട് സ്വദേശി വട്ടപ്പറമ്പില്‍ നാസറിനാണ് (38) പരിക്കേറ്റത്. പുലര്‍ച്ചെ ബൈക്കില്‍ ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.
ഇഞ്ചക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് വെച്ചാണ് സംഭവം നടക്കുന്നത്. റോഡരികിലെ തോട്ടത്തില്‍ നിന്നിറങ്ങി വന്ന പന്നിക്കൂട്ടം നാസറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചു വീണ് അബോധവാസ്ഥയില്‍ കിടന്നിരുന്ന നാസറിനെ നാട്ടുകാരാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇയാളുടെ തലയ്ക്കു പരിക്കുണ്ട്. മുന്‍പും ഇവിടെ കാട്ടു പന്നിയുടെ ശല്യമുണ്ടായിട്ടുണ്ട്.