വഡോദര: ഗുജറാത്തിൽ അരവിന്ദ് കെജ്രിവാളിന്റെ റാലിക്കിടെ ബി.ജെ.പി ആക്രമണം. വഡോദരയിലെ കെജ്രിവാളിന്റെ റാലിക്ക് മുന്നോടിയായാണ് ബി.ജെ.പി പ്രവർത്തകർ ഗുണ്ടായിസം കാണിച്ചതായി എ.എ.പി പ്രവർത്തകർ പറഞ്ഞു. കൂടാതെ തിരംഗയാത്രയ്ക്ക് മുമ്പ് എ.എ.പി പ്രവർത്തകരെ ആക്രമിച്ചതായും അവർ ആരോപിച്ചു. പരിക്കേറ്റ എ.എ.പി പ്രവർത്തകരെ അക്രമികൾക്കിടയിൽ നിന്നും മാറ്റുന്ന വീഡിയോ പാർട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘ഹിന്ദുവിരുദ്ധൻ കെജ്രിവാൾ ഗോ ബാക്ക്’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ബി.ജെ.പി പ്രതിഷേധം. ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ എ.എ.പി പ്രവർത്തകർ കെജ്രിവാൾ അനുകൂല മുദ്രാവാക്യം മുഴക്കി. ആം ആദ്മി പ്രവർത്തകർ ‘കെജ്രിവാൾ, കെജ്രിവാൾ’ എന്ന് ആർത്തുവിളിക്കുമ്പോൾ മറുവശത്തുനിന്നും ബി.ജെ.പി പ്രവർത്തകർ ‘മോദി, മോദി’ എന്നും വിളിച്ചു.
വഡോദരയിൽ ഡൽഹി മുഖ്യമന്ത്രിയുടെ റാലിക്ക് മുന്നോടിയായി നിരവധി ബിജെപി ഗുണ്ടകൾ കെജ്രിവാളിന്റെ ജനപ്രീതി കണ്ട് പാർട്ടി പ്രവർത്തകരെ ആക്രമിച്ചതായി എ.എ.പി ട്വീറ്റ് ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മാനൊപ്പമാണ് കെജ്രിവാൾ ഗുജറാത്തിലെത്തിയത്.
കെജ്രിവാളിന്റെ വരവിന് മുന്നോടിയായി കഴിഞ്ഞദിവസം ബി.ജെ.പി ‘കെജ്രിവാൾ ഹിന്ദു വിരുദ്ധൻ’ എന്നഴുതിയ പോസ്റ്ററുകളും ബാനറുകളും വഡോദര നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ആം ആദ്മി പ്രവർത്തകർ നീക്കം ചെയ്തു. ‘ഇക്കൂട്ടർ ഹിന്ദുമതം ഭ്രാന്താണെന്ന് കരുതുന്നു’ എന്നടക്കമുള്ള സന്ദേശങ്ങളാണ് പോസ്റ്ററുകളിലുണ്ടായിരുന്നത്.