ഗാസയില്‍ കുട്ടികളുടെ ആശുപത്രിക്ക് നേരെ ആക്രമണം

ഗാസ സിറ്റി: ഗാസയില്‍ കുട്ടികളുടെ ആശുപത്രിക്ക് നേരെ ആക്രമണം. ഗാസയിലെ അല്‍നസര്‍ ആശുപത്രിക്ക് നേരെ രണ്ടു തവണയാണ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് ആശുപത്രി അടച്ചു. വെസ്റ്റ് ബാങ്കില്‍ റെഡ്ക്രസന്റ് ആംബുലന്‍സിന് നേരെ ആക്രമണമുണ്ടായി. ഗാസ സിറ്റി ആശുപത്രിയിലും ആക്രമണമുണ്ടായി. നിലവില്‍ പല ആശുപത്രികളിലും ആവശ്യത്തിനുള്ള മരുന്നുകളില്ലാത്ത അവസ്ഥയാണുള്ളത്. മുറിവുകളില്‍ മരുന്നായി നല്‍കുന്നത് പഞ്ചസാരയും വിനാഗിരിയുമാണെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളെ അറിയിച്ചു.

അതിനിടെ വടക്കന്‍ ഗാസയില്‍ പൗരന്മാരുടെ പലായനത്തിനായി ദിവസവും നാല് മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായി അമേരിക്ക അറിയിച്ചു. എന്നാല്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ വേണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ നിര്‍ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളി.വെസ്റ്റ് ബാങ്കിലെ ജെനിനിലുണ്ടായ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ലെബനന്‍ അതിര്‍ത്തിയിലും സംഘര്‍ഷം രൂക്ഷമായ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ബന്ദിയാക്കിയ ഇസ്രയേല്‍ സൈനികന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. അതേസമയം ഇതുവരെ 50 ഹമാസുകാരെ വധിച്ചതായി ഐഡിഎഫ് അറിയിച്ചു.

ഗാസയിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് ഖത്തറും യുഎഇയും ചര്‍ച്ച നടത്തി. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദും തമ്മില്‍ അബുദബിയില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കൂടുതല്‍ സഹായം ആവശ്യമുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.

 

Top