ഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ മുദ്രാവാക്യങ്ങളുമായി അതിക്രമിച്ച് കയറിയ അക്രമികള്‍ പള്ളി അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ താഹിര്‍പൂരിലെ ക്രിസ്ത്യന്‍ പള്ളില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ഒരു സംഘം ആളുകള്‍ സിയോണ്‍ പ്രെയര്‍ ഹൗസിലേക്ക് ഇരച്ചുകയറി ഹാള്‍ അടിച്ചുതകര്‍ക്കുകയും ഫര്‍ണിച്ചറുകളും സംഗീതോപകരണങ്ങളും വലിച്ചെറിയുകയുമായിരുന്നു. ശേഷം പ്രാര്‍ത്ഥനാ ഹാളിനുള്ളില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ആക്രമണത്തിന് പിന്നില്‍ ഹിന്ദു സംഘടനകളാണെന്നാണ് ആരോപണം. വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പള്ളി അധികൃതര്‍ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രയര്‍ ഹൗസില്‍ പ്രാര്‍ത്ഥനയുടെ മറവില്‍ ഹിന്ദുമതത്തെ അവഹേളിക്കുന്ന പദപ്രയോഗം നടത്തിയതിനാണ് ആക്രമണമെന്നാണ് സൂചന.