ദളിത് ഗ്രാമം ആക്രമിച്ച് പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിച്ച കേസില്‍ 23 വര്‍ഷങ്ങള്‍ക്കു ശേഷം വിധി. ഉത്തര്‍ പ്രദേശിലെ മഥുരയില്‍ 15 പേരെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. പ്രതികള്‍ക്ക് 73000 രൂപ വീതം പിഴയും വിധിച്ചു. 2001 ജനുവരിയില്‍ നടന്ന സംഭവത്തിലാണ് 2 പതിറ്റാണ്ടിനു ശേഷം വിധി വന്നത്. മഥുരയിലെ എസ്സി, എസ്ടി കോടതിയുടേതാണ് വിധി.
പരാതിക്ക് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ 16 പേര്‍ക്കെതിരെയാണ് കേസെടുത്ത. അന്വേഷണത്തിനിടെ എട്ട് പേരെക്കൂടി പ്രതിചേര്‍ത്തു. വിചാരണക്കിടെ 9 പേര്‍ മരണപ്പെട്ടു. ബാക്കി 15 പേര്‍ക്കെതിരെയാണ് കോടതി വിധി.
2001 ജനുവരി 23നാണ് കേസിന് ആസ്പദമായ സംഭവം. ദതിയ ഗ്രാമത്തിലെ പഞ്ചായത്ത് ഭൂമിയില്‍ സവര്‍ണ ജാതിക്കാന്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദളിതര്‍ തടഞ്ഞതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ സവര്‍ണര്‍ ദളിതരെ മര്‍ദ്ദിക്കുകയും വെടിവെക്കുകയും ചെയ്യുകയായിരുന്നു. ദളിത് കുടിലുകള്‍ തീവച്ച് നശിപ്പിച്ചു. ഇതിനിടെ ഒരു കുടിലിലുണ്ടായിരുന്ന ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി. ഒരാളുടെ തുടയില്‍ വെടിയേല്‍ക്കുകയും ചെയ്തു.