ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാളിന്റെ വീടിന് നേർക്ക് ആക്രമണം നടത്തുകയും രണ്ട് കാറുകൾ നശിപ്പിക്കുകയും ചെയ്തതായി പരാതി. ട്വീറ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. തങ്ങൾ സുരക്ഷിതരല്ലെന്നും ഡൽഹി പൊലീസിൽ പരാതി നൽകുമെന്നും സ്വാതി മലിവാൾ പറഞ്ഞു. ഏതോ അക്രമി തന്റെ വീട്ടിൽ കയറി. ആരൊക്കെയാണ് വന്നതെന്ന് അറിയില്ല. തന്റെ അമ്മയുടെ കാറിനും തന്റെ കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചു. ഭാഗ്യവശാൽ, താനും അമ്മയും ഞങ്ങളുടെ വീട്ടിൽ ഇല്ലായിരുന്നു. ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ല. താൻ ഭയപ്പെടില്ലെന്നും സ്വാതി പറഞ്ഞു.
ഡൽഹിയിലെ ക്രമസമാധാന നില മോശമാണെന്നും ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ പോലും സുരക്ഷിതയല്ല. പരസ്യമായ കൊലപാതകങ്ങളുണ്ട്. വിവിധ കാര്യങ്ങളിൽ ഇടപെടൽ നടത്തുന്ന ഗവർണർ ഡൽഹിയിലെ ക്രമസമാധാന നില നേരെയാക്കാൻ അൽപസമയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഈ വിഷയത്തിൽ അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു.അതേസമയം പ്രതികളെ പിടികൂടിയതായും മലിവാളിന്റെ പരാതിയിൽ കേസെടുത്ത് വരികയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് രാവിലെ ഒൻപത് മണിയോടെ പിസിആർ കോൾ ലഭിച്ചുവെന്ന് ഡിസിപി സാഗർ സിംഗ് കൽസി പറഞ്ഞു. തുടർന്ന് സംഭവ സ്ഥലത്തെത്തിയപ്പോൾ പ്രതിയായ സച്ചിനെ കണ്ടെത്തിയതായാണ് റിപ്പോർട്ട്. മലിവാളിന്റെ ഔദ്യോഗിക വസതിയിൽ ഇയാൾ രണ്ട് കാറുകൾ തകർത്തിരുന്നു. വീട്ടുകാർ ആരും തന്നെ വീടിനുള്ളിൽ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു. നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.