ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തിന് നേരെ ആക്രമണം

ഗാസ സിറ്റി: ഗാസയിലെ അല്‍ ശിഫ ആശുപത്രിക്ക് നേരെ ആക്രമണം. മെഡിക്കല്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കെട്ടിടവും ആംബുലന്‍സുകളും തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ 20 രോഗികളെ മാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അല്‍ ശിഫ ആശുപത്രിയില്‍ ഇരുപതിനായിരത്തിലധികം പേരുണ്ട്. സാധാരണക്കാര്‍ക്ക് അഭയം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുളളതെന്ന് യു എന്‍ കുറ്റപ്പെടുത്തി. 72 ജീവനക്കാര്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ അറിയിച്ചു.

നേരത്തെ ഇസ്രയലിനെതിരെ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും ഈ പോരാട്ടത്തില്‍ ജീവത്യാഗത്തിന് തയ്യാറാണെന്നും ഹിസ്ബുള്ള തലവന്‍ സയദ് ഹസന്‍ നസ്‌റള്ള പറഞ്ഞിരുന്നു. ഇസ്രയലിനെതിരെ ഹമാസിന്റെ പോരാട്ടം പൂര്‍ണമായും പലസ്തീന്‍ ജനതയ്ക്കുവേണ്ടിയാണെന്നും രഹസ്യ സ്വഭാവമാണ് അത് വിജയത്തിലെത്തിച്ചതെന്നും സയദ് ഹസന്‍ നസ്‌റള്ള പറഞ്ഞു. ഹമാസിന്റെ തീരുമാനം ശരിയും ധീരവുമായിരുന്നു. അത് കൃത്യ സമയത് അവര്‍ നടപ്പാക്കിയെന്നും സയദ് ഹസന്‍ നസ്‌റള്ള പറഞ്ഞു.

ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9200 കടന്നു. 9227 പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 3826 ക്കുട്ടികളും 2405 സ്ത്രീകളുമുണ്ട്. 32,500 പേര്‍ക്കാണ് പരിക്കേറ്റത്. ബോംബാക്രമണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്.പ്രദേശത്തെ ഏക കാന്‍സര്‍ ആശുപത്രി അടച്ചതിനാല്‍ 12 രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 800 പേരെ ഈജിപ്തിലേക്ക് മാറ്റണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. 1200 കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top