ഉവൈസിക്ക് നേരെയുള്ള ആക്രമണം; ഹിന്ദുവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനെന്ന് മൊഴി

ലഖ്നോ: അസദുദ്ദീൻ ഉവൈസിക്കെതിരെ വെടിയുതിർത്ത രണ്ട് പേരെ അറസ്റ്റ് ചെയ്തുവെന്ന് യു.പി പൊലീസ്. എ.ഐ.എം.ഐ.എം അധ്യക്ഷന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനകൾ വികാരത്തെ വ്രണപ്പെടുത്തിയതിനാലാണ് വെടിയുതിർത്തതെന്ന് പ്രതികൾ മൊഴി നൽകിയെന്നും പൊലീസ് അറിയിച്ചു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് കേസിൽ അന്വേഷണം നടത്തുന്നത്. പ്രതികളിൽ നിന്നും 9 എം.എം പിസ്റ്റൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് ​ഉവൈസിക്ക് നേരെ വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ വശങ്ങളിലാണ് വെടിയേറ്റിട്ടുള്ളത്. വെടിവെപ്പിന് പിന്നാലെ തങ്ങൾ സുരക്ഷിതരാണെന്ന് ഉവൈസി അറിയിച്ചിരുന്നു. ആക്രമണത്തിന് ശേഷം ആയുധം ഉപേക്ഷിച്ച് സംഘം ഓടിരക്ഷപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.പിയിലെത്തിയ ഉവൈസി മീററ്റിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. തന്റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവെച്ചെന്നും വാഹനത്തിന്‍റെ ടയർ പഞ്ചറായെന്നും ഉവൈസി എ.എൻ.ഐയോട് പറഞ്ഞിരുന്നു. പിന്നീട് മറ്റൊരു വാഹനത്തിലാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്.

Top