ഹരിയാനയില്‍ പൊലീസ് സ്റ്റേഷന് നേരെ ആക്രമണം; വെടിവെപ്പില്‍ പൊലീസുകാര്‍ക്ക് പരുക്ക്

ഹരിയാന: ഹരിയാനയിലെ നുഹില്‍ 700 പേരോളം വരുന്ന അക്രമകാരികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന് എഫ്‌ഐആര്‍. അവരെ ജീവനോടെ കത്തിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ആക്രമണം. പൊലീസ് സ്റ്റേഷനുനേരെ ഇവര്‍ കല്ലുകള്‍ വലിച്ചെറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. കല്ലേറിനു ശേഷം ആള്‍ക്കൂട്ടം പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും വെടിവെപ്പില്‍ നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു എന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. പൊലീസ് സ്റ്റേഷന്റെ ഗേറ്റിലേക്ക് ആള്‍ക്കൂട്ടം ബസ് ഇടിച്ചുകയറ്റി. പൊലീസ് ആകാശത്തേക്ക് വെടിവച്ചെങ്കിലും ആള്‍ക്കൂട്ടം പിന്മാറിയില്ല എന്നും എഫ്‌ഐആറില്‍ പറയുന്നു.

ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ആറായി. രണ്ട് ഹോം ഗാര്‍ഡുകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 116 പേരെ അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളില്‍ അക്രമകാരികള്‍ കടകള്‍ക്ക് തീവച്ചു. ഇതോടെ പമ്പുകളില്‍ നിന്ന് കുപ്പികളിലും മറ്റും ഇന്ധനം നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആരാധനാലയങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാനും പൊലീസിനു മുന്നറിയിപ്പ് നല്‍കി.

Top