തൃശൂർ: കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാർഥി കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ചു. ജയശങ്കറിന്റെ റോഡ് ഷോയ്ക്കിടെ ഇന്നലെ സംഘർഷം നടന്നിരുന്നു. ഇന്നലെ രാത്രിയാണ് കുന്നംകുളം ചിറയ്ക്കലിലെ കല്യാണ മണ്ഡപത്തിന് സമീപത്ത് വെച്ച് ജയശങ്കറിന്റെ റോഡ് ഷോയ്ക്കിടെ സംഘർഷമുണ്ടായത്.
റോഡ് ഷോയ്ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ആക്രമണം നടത്തിയവർക്കതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജയശങ്കർ കുന്നംകുളം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
8 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കും വിവാഹാഘോഷത്തിനെത്തിയ 7 പേർക്കും കല്ലേറിൽ പരുക്കേറ്റു. പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.