മലപ്പുറം: മലപ്പുറം എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ അടിച്ച് പരുക്കേല്‍പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ കേസെടുത്തിരിക്കുന്നത്.
കുട്ടികള്‍ക്ക് നേര്‍ക്ക് വര്‍ധിച്ച് വരുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കേസില്‍ സിപിഎം നേതാവ് സി.രാഘവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ചയാണ് ആക്രി പെറുക്കുന്നതിനിടെ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. തടയാനെത്തിയ മറ്റൊരു യുവതിക്കും പരിക്കേറ്റിരുന്നു.
പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ നെറ്റിയില്‍ ആഴത്തില്‍ പരിക്കേറ്റു. രാഘവനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വട്ടംകുളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ് രാഘവന്‍.