ശബരിമല വിഷയം; സമരം ശക്തമാക്കുമെന്ന് ബിജെപി, ദേശീയ നേതാക്കള്‍ കേരളത്തിലേയ്ക്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ദേശീയ നേതാക്കളെ എത്തിച്ച് സമരം ശക്തമാക്കാന്‍ ഒരുങ്ങി ബിജെപി നേതൃത്വം. ഈ മാസം 18ന് സെക്രട്ടറിയേറ്റ് ഉപരോധമാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ഈ മാസം കേരളത്തില്‍ എത്തും. 15ന് കൊല്ലത്ത് ബൈപാസ് ഉദ്ഘാടനവും ബിജെപി യോഗവും ഉണ്ടാവുന്നതാണ് 27ന് തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തിലും മോദി പങ്കെടുക്കും.

അതേസമയം, ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 9 കേസുകള്‍ അടൂരിലാണ്. അവിടെ അധികമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 110 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 85 പേര്‍ക്ക് ജാമ്യം ലഭിച്ചു. 25 പേരെ റിമാന്റ് ചെയ്തു. ജില്ലയില്‍ 204 പേര്‍ കരുതല്‍ തടങ്കലിലാണെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തി വരികയാണെന്ന് ഡിജിപി അറിയിച്ചു. രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്ക് നടന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂരില്‍ സിപിഎം-ആര്‍എസ്എസ് വ്യാപക അക്രമം തുടരുകയാണ്. ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം, ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.

തുടര്‍ന്ന് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരോട് ലീവുകളും ഓഫുകളും റദ്ദാക്കി മടങ്ങി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top