ന്യൂഡല്‍ഹി: ആളുകളെ ആക്രമിക്കുകയല്ലാതെ ബി.ജെ.പിയുടെ ഗുണ്ടകള്‍ക്ക് വേറെ ഒരു പണിയുമറിയില്ലെന്ന് ആക്ടിവിസ്റ്റും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയുടെ സുഹൃത്തിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലാണ് വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്.
മുനാവറിന്റെ സുഹൃത്തിനെ കോടതി പരിസരത്ത് വെച്ചായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പൊലീസുകാരെത്തി ഇയാളെ വേഗം അവിടെ നിന്നും മാറ്റുകയായിരുന്നു. അതേസമയം ആക്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.
‘ബി.ജെ.പിയുടെ വേലയും കൂലിയുമില്ലാത്ത ഗുണ്ടകളുടെ പണിയാണിത്. ആളുകളെ ആക്രമിക്കുക, സ്ത്രീകള്‍ക്കെതിരെ പീഢനഭീഷണി മുഴക്കുക, നിരായുധരായ ആളുകളെ മര്‍ദ്ദിക്കുക, പിന്നെ ഭാരത് മാതാ കീ ജയ് എന്ന അലറിവിളിക്കുക, ഇതല്ലാതെ വേറെ ഒരു പണിയും ഇവര്‍ക്കില്ലെന്ന് തോന്നുന്നു’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
BJP's unemployed goons at work. Seems the only work they do is to abuse people, give rape threats to women, beat up unarmed people; & yes, shout Bharat Mata ki Jai! https://t.co/FqJVTRJrVp
— Prashant Bhushan (@pbhushan1) January 3, 2021
കൊമേഡിയനെ അറസ്റ്റ് ചെയ്തതിലും സുഹൃത്തിനെ ആക്രമിച്ച സംഭവത്തിലും വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ബി.ജെ.പിക്കാര്‍ക്ക് കോടതി പരിസരത്ത് വെച്ച് പോലും ആരെയും ആക്രമിക്കാവുന്ന സ്ഥിതിയിലായോ കാര്യങ്ങളെന്ന് ചിലര്‍ ചോദിക്കുന്നു.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് മുംബൈയിലെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയെ ജനുവരി രണ്ടിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ നടത്തിയ ഒരു പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഫറൂഖിയുള്‍പ്പടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍ഡോര്‍ സ്വദേശികളായ പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ‘ഇവര്‍ക്കെതിരെ ഐ.പി.സി 188, 269, 34, 295 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിപാടി നടത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ അവതരണം’ ഇന്‍ഡോര്‍ പൊലീസ് ഇന്‍ചാര്‍ജ് കമലേഷ് ശര്‍മ്മ പറഞ്ഞു.