എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം സ്റ്റേ ചെയ്യണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തില്‍ പാര്‍ലമെന്റ് കൊണ്ടുവന്ന ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാന്‍ അവസരം നല്‍കാതെ ഭേദഗതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി വിഷയത്തില്‍ ആറാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജസ്റ്റീസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

ജസ്റ്റീസ് എ.കെ ഗോയല്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് മാര്‍ച്ച് 20നാണ് എസ്സി, എസ്ടി (അതിക്രമം തടയല്‍) നിയമം ലഘൂകരിച്ച് വിധി പുറപ്പെടുവിച്ചത്. ഈ നിയമപ്രകാരമുള്ള കേസുകളില്‍ തിടുക്കത്തില്‍ അറസ്റ്റ് പാടില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ നടപടിയെടുക്കുന്നതിന് മുന്‍പ് നിയമന അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടില്‍ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷം നടത്തുകയും ചെയ്ത ശേഷമേ അറസ്റ്റ് പാടുള്ളൂവെന്നതുള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരുന്നത്.

ഇതിനെതിരേ രാജ്യത്തെ ദലിത് സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. ദളിത് പ്രതിഷേധം ശക്തമായതോടെ ബിജെപിയിലെ ദലിത് അംഗങ്ങളും എന്‍ഡിഎ സഖ്യകക്ഷികളം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതോടെയാണ് കേന്ദ്രമന്ത്രിസഭ ഭേദഗതി കൊണ്ടുവരാന്‍ നിര്‍ബന്ധിതരായത്. ഭേദഗതി കഴിഞ്ഞമാസം ആറിന് രാജ്യസഭയും ഒന്പതിന് ലോക്‌സഭയും പാസാക്കിയിരുന്നു.

Top