ഫെയ്‌സ് ബുക്ക് പോസ്റ്റിന് കമന്റിട്ടു; യുവാക്കളെ മര്‍ദിച്ച് കത്തിക്കുത്ത് കേസ് പ്രതി നസീം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയായ നസീമിന്റെ ക്രൂരകൃത്യങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. നസീമിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിനെതിരെ നെഗറ്റീവ് കമന്റ് ഇട്ട യുവാക്കളെ മര്‍ദിച്ചതായി റിപ്പോര്‍ട്ടുകള്‍.

2015- 2018 വര്‍ഷം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ച തമലം സ്വദേശി അനൂപ്, ആര്യങ്കോട് സ്വദേശി ശ്യാം എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. മര്‍ദത്തിന് പിന്നില്‍ അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ചവരും ഉണ്ടെന്നാണ് വിവരം. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ അനൂപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്യാമിനായിരുന്നു കൂടുതല്‍ മര്‍ദനമേറ്റത്. നസീമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെതിരെ വന്ന കമന്റുകള്‍ക്ക് ലൈക്ക് ചെയ്തതും നെഗറ്റീവ് കമന്റ് ഇട്ടതും ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മര്‍ദനം. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ടാല്‍ ഇതാകും അനുഭവമെന്ന് മുന്നറിയിപ്പു നല്‍കിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മര്‍ദനമേറ്റു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ അനൂപ് പാര്‍ട്ടിക്കാരുടെ ഭീഷണിയില്‍ കേസ് വേണ്ടെന്നു വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതിയില്ലെന്നു അറിയിച്ചതിനാല്‍ മൊഴി രേഖപ്പെടുത്താതെ പൊലീസ് മടങ്ങി.

Top