”ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ നിയമസംരക്ഷണം പോലും ലഭിക്കുന്നില്ല”; ലത്തീൻ സഭ

തിരുവനന്തപുരം: ക്രൈസ്തവർക്കെതിരായ ആക്രമണ വാർത്തകൾ കെട്ടിചമച്ചതെന്ന കേന്ദ്രവാദത്തിനെതിരെ ലത്തീൻസഭ രംഗത്ത്. തിരുവനന്തപുരം വികാരി ജനറൽ യൂജിൻ പെരേരയാണ് കേന്ദ്രത്തിന്റെ നിരുത്തരവാദപരാമായ നിലപാടിനോട് പ്രതികരിച്ചിരിക്കുന്നത് .

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത്. അടിയന്തരമായി ഇടപടേണ്ട സാഹചര്യങ്ങളിൽ പോലും കേന്ദ്ര സർക്കാർ ഇടപെടുന്നില്ല. പലപ്പോഴും നിയമസംരക്ഷണം പോലും ലഭിക്കാത്ത രീതിയിലാണ് പൊലീസിന്റെ ഇടപെടൽ എന്ന് യൂജിൻ പെരേര പറഞ്ഞു.

ആക്രമണങ്ങളെ കുറിച്ച് ന്യൂനപക്ഷ വകുപ്പ് മന്ത്രിമാരെ വിവരം അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രം മറ്റാരോപണങ്ങൾ ഉന്നയിച്ച് വിഷയത്തിൽ നിന്ന് ശ്രദ്ധതിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന പ്രകാരമുള്ള സംരക്ഷണം ഉറപ്പുവരുത്തണമെന്ന് യുജിൻ പെരേര ആവശ്യപ്പെട്ടു.

രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഇല്ലെന്ന അവകാശവാദമാണ് കേന്ദ്രം ഇന്നലെ സുപ്രീംകോടതിയിൽ ഉന്നയിച്ചത്. ക്രിസ്ത്യൻ സംഘടനകളും ചില വ്യക്തികളും സമർപ്പിച്ച പൊതുതാൽപര്യ ഹരജിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ അവകാശവാദം. ഹരജിക്ക് പിന്നിൽ ഒളിയജണ്ട ഉണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ ആരോപണം.

ഇത്തരക്കാർക്ക് രാജ്യത്തുടനീളം അശാന്തി സൃഷ്ടിക്കുന്നതിനും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ രാജ്യത്തിന് പുറത്തുനിന്ന് സഹായം നേടാനുമായി ചില ഒളിയജണ്ടകൾ ഉണ്ടെന്ന് തോന്നുന്നു’- കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, വിശദമായ പ്രതികരണം അറിയിക്കാൻ ഇരു വിഭാഗത്തിനും കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഹരജി വാദം കേൾക്കാനായി ഈ മാസം 25ലേക്ക് മാറ്റി.

Top