കശ്മീരിലുണ്ടായ ഭീകരാക്രമണം ; രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു

soldiers

ന്യൂഡല്‍ഹി: സന്‍ജ്വാനിലുണ്ടായ ഭീകരാക്രമണം സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ജയ്‌ഷെ മുഹമ്മദിന്റെ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും, എന്നാല്‍ ഇത് തടയുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നുമാണ് ആരോപണം.

പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിന്റെയും ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് സ്ഥാപകന്‍ മഖ്ബൂല്‍ ഭട്ടിന്റെയും വധശിക്ഷ നടപ്പാക്കിയ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്, ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് എത്തുന്ന റിപ്പോര്‍ട്ട്.

2013 ഫെബ്രുവരി ഒന്‍പതിനാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. 1984 ഫെബ്രുവരി 11ന് ഭട്ടിനെ തൂക്കിലേറ്റി. ഇതോട് അനുബന്ധിച്ചായിരുന്നു ആക്രമണ മുന്നറിയിപ്പ്. എന്നാല്‍ കശ്മീര്‍ താഴ്‌വരയില്‍ ആക്രമണമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പെന്നും ഈ പ്രതീക്ഷ തെറ്റിച്ചാണ് ജമ്മുവില്‍ ഭീകരര്‍ ആക്രമണം നടത്തിയതെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ സൈനികരുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സന്‍ജ്വാന്‍ സൈനിക ക്യാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിലാണ് ശനിയാഴ്ച പുലര്‍ച്ചെ 4.55 ന് ആക്രമണം ഉണ്ടായത്. അതിക്രമിച്ചു കയറിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Top