അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം റിപ്പോർട്ട് ചെയ്തു. പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച്ച സിസേറിയനിലൂടെ പുറത്തെടുത്ത നവജാത ശിശുവാണ് മരണപ്പെട്ടത്. കോട്ടത്തറ ട്രൈബൽ സ്പെഷാലറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഈ വർഷം അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്ത ആദ്യ നവജാത ശിശു മരണമാണിത്.
ഔദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം 9 കുഞ്ഞുങ്ങളാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിൽ നാല് കുഞ്ഞുങ്ങൾ വരെ മരിച്ച സന്ദർഭം ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് നവജാത ശിശു മരണം വലിയ വിവാദമായിരുന്നു. പ്രതിപക്ഷ നേതാക്കളും ആരോഗ്യമന്ത്രിയും അടക്കമുള്ളവർ അട്ടപ്പാടി സന്ദർശിച്ചു
കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ സൗകര്യങ്ങളില്ലായ്മ കാരണമാണ് മരണങ്ങൾ കൂടുന്നതെന്നും ആരോപണം ഉയർന്നു. ഗർഭിണികൾക്ക് ആവശ്യമായ പോഷകാഹാരം കിട്ടുന്നില്ലെന്ന് വ്യക്തമായി. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെപ്പോലും ചികിൽസിക്കാനുള്ള സൗകര്യം കോട്ടത്തര ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് തന്നെ വ്യക്തമാക്കി.
ആരോഗ്യനില മോശമാകുന്നവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കെത്തിക്കാൻ വേണ്ടത്ര സൗകര്യങ്ങളുള്ള ആംബൂുലൻസുകളും പോലും കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല
നവജാത ശിശുമരണവും ആശുപത്രിയിലെ സൗകര്യങ്ങളില്ലായ്മയും വാർത്തകളിൽ നിറഞ്ഞതോടെ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിനെ തൽസ്ഥാനത്ത് നിന്നും മാറ്റുകയും അട്ടപ്പാടിക്കായി കർമ പദ്ധതി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.