അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 15ആം സാക്ഷി മെഹറുന്നീസയാണ് കൂറുമാറിയത്. പൊലീസിൽ താൻ ഇത് വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് മെഹറുന്നീസ കോടതിയെ അറിയിച്ചു. ഇന്നലെ പതിനാലാം സാക്ഷി ആനന്ദൻ കുറുമാറിയിരുന്നു.
നിലവിൽ അഞ്ച് സാക്ഷികളാണ് കൂറുമാറിയത്. കൂറുമാറിയതിനെ തുടർന്ന് വനം വകുപ്പ് വാച്ചറായ പന്ത്രണ്ടാം സാക്ഷി അനിൽ കുമാറിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടിരുന്നു. ഇതിനെതിരെ അനിൽ കുമാർ മണ്ണാർക്കാട് എസ് സി-എസ് ടി കോടതിയിൽ ഹരജി നൽകിയിരുന്നു.
ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെയാണ് ആദ്യമായി രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയത്. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിൻറെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.